k-sudhakaran

കണ്ണൂർ: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് നേതാവും കണ്ണൂരിലെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ കെ..സുധാകരൻ രംഗത്ത്. ആചാരങ്ങളും അനുഷ്‌ഠാനങ്ങളും തീരുമാനിക്കുന്നത് ഭരണകൂടവും കോടതിയുമല്ലെന്നും, അതിന്റെ ആചാര്യന്മാർക്ക് തന്നെയാണ് അത്തരം കാര്യങ്ങളിൽ അവകാശമെന്നും സുധാകരൻ പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ തന്റെ നയം വ്യക്തമാക്കിയത്.

കെ..സുധാകരന്റെ വാക്കുകൾ-

'ശബരിമല വിഷയത്തിൽ ശക്തമായ നിലപാടെടുക്കാൻ ബാധ്യസ്ഥരല്ലേ ഞങ്ങൾ. വിശ്വാസങ്ങൾ സംരക്ഷിക്കുക എന്നത് കോൺഗ്രസിന്റെ ഒരു ബൗഡൻ ഡ്യൂട്ടിയല്ലേ? ഇവിടെ വന്നിട്ടുള്ളത് തെറ്റിദ്ധാരണയുടെ പുറത്തുള്ള ചോദ്യമാണ്. ശബരിമലയും ജെൻഡർ ഇൻ ഇക്വാലിറ്റിയും തമ്മിൽ ഒരു ബന്ധവുമില്ല. 50 വയസു കഴിഞ്ഞ സ്ത്രീകൾ ശബരിമലയ്‌ക്ക് പോകുന്നില്ലേ? 10 വയസുള്ള പെൺകുട്ടികൾ പോകുന്നില്ലേ? അപ്പോൾ എവിടെയാണ് ജെൻഡർ ഇൻ ഇക്വാലിറ്റി? അവിടെ ഒരു നിശ്‌ചിത പ്രായത്തിന്റെ പരിധിക്കകത്തു മാത്രമെ നിരോധനമുള്ളൂ..

ഹൈന്ദവ വിശ്വാസപ്രകാരം പ്രതിഷ്‌ഠയുടെ ഭാവമാണ് ആചാരങ്ങളും അനുഷ്‌ഠാനങ്ങളും തീരുമാനിക്കുന്നത്. ആ ഭാവത്തിന്റെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും തീരുമാനിക്കുന്നത് ഭരണകൂടവും കോടതിയുമൊന്നുമല്ല. അതിന്റെ ആചാര്യന്മാരാണ്. വർഷങ്ങളൊരുപാടായി...... ഈ കാലമത്രയും ഭക്തജങ്ങൾ അനുഷ്‌ഠിച്ച ആചാരമാണ് ഞാൻ പറഞ്ഞത്. ആ ആചാരം എടുത്തു കളയാൻ ഒരു കോടതിയ്‌ക്കും ഒരു ഭരണകൂടത്തിനും അവകാശമില്ല. ആ ആചാരം സംരക്ഷിപ്പെടണം. ആ ആചാരം തെറ്റെന്ന് ബോധ്യം വന്നാൽ അത് മാറ്റേണ്ടതും കോടതിയും ഭരണകൂടവുമൊന്നുമല്ല, അതിന്റെ ആചാരന്മാരാണ്.'