girl-kidnapped

കൊച്ചി: ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് മുഖ്യപ്രതി മുഹമ്മദ് റോഷൻ പറഞ്ഞു. പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നും രണ്ട് വർഷമായി പ്രണയത്തിലാണെന്നും മുഹമ്മദ് പറഞ്ഞു. വീട്ടുകാർക്ക് പ്രണയം അറിയാമായിരുന്നെന്നും എന്നാൽ,​ വീട്ടിൽ സമ്മതിച്ചില്ലെന്നും റോഷൻ വ്യക്തമാക്കി. പെൺകുട്ടിയെ നിർബന്ധിച്ച് വിളിച്ചിറക്കിയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും റോഷൻ കൂട്ടിച്ചേർത്തു.

ആദ്യം പോയത് മംഗലാപുരത്തേക്കാണ്. അവിടെ നിന്ന് ഒരു സുഹൃത്ത് മുംബയിലുള്ളതിനാൽ ഇവിടേക്ക് വന്നു. നാട്ടിലെ ബന്ധുവിന് വന്ന ഫോൺകോൾ പിന്തുടർന്നാണ് റോഷനെ കേരളാ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. മുംബയിലെ പൻവേലിലായിരുന്നു പെൺകുട്ടിയും റോഷനും. രണ്ട് ദിവസം മുൻപാണ് ഇവർ മഹാരാഷ്ട്രയിലെത്തുന്നത്. മംഗലാപുരത്ത് രണ്ട് ദിവസം താമസിച്ച ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്.

നിരന്തരം യാത്രചെയ്യുകയായിരുന്നതിനാൽ ഇവരെ പിന്തുടരുക എളുപ്പമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് വിറ്റ് എൺപതിനായിരം രൂപ മുഹമ്മദ് റോഷന്റെ കയ്യിൽ ഉണ്ടായിരുന്നു. പലപ്പോഴും യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിൽ നിന്ന് ഫോൺ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നതെന്നും ഇവർ പറഞ്ഞു.