പാർട്ടിയൊന്നും വഗേലയ്‌ക്കു വിഷയമല്ല. എപ്പോൾ വേണമെങ്കിലും എങ്ങോട്ടും മാറാം. ജനസംഘത്തിൽ തുടങ്ങി, എൻ.സി.പിയിൽ എത്തിനിൽക്കുന്ന വഗേല എഴുപത്തിയെട്ടു വയസ്സിനിടെ പലവട്ടം പല പക്ഷത്തും ചേർന്നു. എല്ലാ പാർട്ടിയും മടുത്തപ്പോൾ ഇടയ്‌ക്ക് സ്വന്തം പാർട്ടിയുണ്ടാക്കി പരീക്ഷണം നടത്തി. രണ്ടു വർഷം മുമ്പ് രാഷ്‌ട്രീയപ്രവർത്തനം തന്നെ വേണ്ടെന്നുവച്ച് പിൻവാങ്ങിയതാണ്. അടങ്ങിയിരിക്കാൻ പറ്റാത്തതുകൊണ്ട് വീണ്ടും സജീവമായി.
ഇക്കുറി, ഗുജറാത്തിലെ ഗാന്ധി നഗറിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്‌ക്ക് എതിരെ എൻ.സി.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ പാർട്ടി ഹൈക്കമാൻഡ് വഗേലയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അമിത് ഷായെ എതിരിടാൻ പഴയ ബി.ജെ.പി നേതാവു തന്നെ എത്തുന്നെങ്കിൽ ഗാന്ധിനഗറിൽ മത്സരത്തിനു വീര്യമേറും.
ജനസംഘവും ജനതാപാർട്ടിയും കഴിഞ്ഞ് ബി.ജെ.പി രൂപീകരിക്കപ്പെട്ടപ്പോൾ ശങ്കർസിംഗ് വഗേല പാർട്ടിയുടെ സീനിയർ നേതാക്കളിൽ ഒരാളായി. പിന്നെ ഭാഗം പിരിഞ്ഞ് രാഷ്‌ട്രീയ ജനതാ പാർട്ടിക്ക് രൂപം നൽകി. 1996-ൽ ഗുജറാത്ത് മുഖ്യമന്ത്രി വരെയായി. അതിനു ശേഷം വഗേലയുടെ പാർട്ടി കോൺഗ്രസിൽ ലയിച്ചു. 2017-ൽ കോൺഗ്രസ് വിട്ട്, ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനവും വേണ്ടെന്നുവച്ച് ഒരു പോക്ക്. എന്നിട്ട്, ജൻ വികല്‌പ് മോർച്ച എന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കി, 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയെങ്കിലും നിലംതൊടാതെ തോറ്റു.
ഗുജറാത്തിലെ കപട്‌വഞ്ജ് ആണ് വഗേലയുടെ സ്ഥിരം മണ്ഡലം. 1977- ൽ ജനതാ പാർട്ടിക്കാരനായി ലോക്‌സഭയിലേക്ക് ജയം. 1999, 2004 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസുകാരനായി. അടുത്ത തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും മണ്ഡലപുനസ്സംഘടനയിൽ കപട്‌വഞ്ജ്, പഞ്ചമഹൽ ആയി മാറി. കപട്‌വഞ്ജ് നൽകിയ ഭാഗ്യം പഞ്ച്മഹൽ വഗേലയ്‌ക്കു നൽകിയില്ല. 2009- ൽ ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും തോറ്റു. 1984 മുതൽ 89 വരെ രാജ്യസഭാംഗമായിരുന്നു. 2004-ൽ മൻമോഹൻ സർക്കാരിൽ ടെക്സ്റ്റൈൽസ് മന്ത്രി. അതിനിടെ 2012 മുതൽ 2017 വരെ കപട്‌വഞ്ജ് അസംബ്ളി മണ്ഡലത്തിൽ നിന്നും ജയം.
കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് വഗേല കോൺഗ്രസുകാരനായിരുന്നു. മത്സരിച്ചത്, സബർഖണ്ഡ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ഡി.എസ്. റാഥോഡിനോട്. വഗേലയുടെ പരാജയം 84,455 വോട്ടിന്. ഇതെല്ലാം കഴിഞ്ഞ് ഇക്കഴിഞ്ഞ ജനുവരിയിലാണ് വഗേല നേരെ ചെന്ന് ശരദ് പവാറിനെ കണ്ട് എൻ.സി.പിയിൽ ചേർന്നത്. ചേർന്നയുടൻ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായി. രാജ്യത്ത് ബി.ജെ.പി വിരുദ്ധ ശക്തികൾക്ക് കരുത്തു പകരുകയാണ് തന്റെ നിയോഗമെന്ന് വഗേല പറയുന്നു. സ്ഥിരം കളംമാറ്റക്കാരനായ വഗേല ഗാന്ധിനഗറിൽ കരകയറുമോ എന്ന് കണ്ടുതന്നെ അറിയണം.