ഉത്തമപാളയം മുരുകൻ മടവാളിന്റെ പിടിയിൽ അമർത്തി പിടിച്ചു. ഒപ്പം തന്റെ ആളുകളെ ഇടം കൈ കൊണ്ട് തന്റെ പിന്നിലേക്കു മാറ്റി.
ഒരു യോദ്ധാവിനെപ്പോലെ നെഞ്ചും വിരിച്ചു നിന്ന് മടവാൾ വീശിക്കാണിച്ചു.
വാൾകൊണ്ട് അന്തരീക്ഷത്തിൽ ഒരു ഗുണനചിഹ്നമുണ്ടാക്കി...
അതേനേരം ജെയിംസ് തറയിൽ കാലുകൾ ആഞ്ഞമർത്തി മുകളിലേക്കു കുതിച്ചു ചാടി. ആ ക്ഷണം ഒരിക്കൽക്കൂടി മുരുകൻ വാൾ വീശി.
ജെയിംസിന്റെ ഷൂസണിഞ്ഞ കാലിൽ അത് തട്ടി...
വല്ലാത്തൊരു ശബ്ദത്തോടെ വാൾ പിടിവിട്ടു വീണു. ഈ തക്കത്തിന് ചെറുപ്പക്കാർ കുറുവടിയും ക്രിക്കറ്റ് ബാറ്റുകളും മറ്റും വീശിക്കൊണ്ട് പാഞ്ഞുവന്നു.
തുടരെ അടി വീണു.
ഗുണ്ടകൾ ചിതറി. അവരുടെ വിലാപങ്ങളും ചെറുപ്പക്കാരുടെ ആക്രോശങ്ങളും ക്ഷണത്തിൽ അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ജെയിംസ്, മുരുകന്റെ അടിവയറ്റിൽ ആഞ്ഞുചവുട്ടി. അയാൾ പിന്നോട്ടു നിരങ്ങിപ്പോയി. എന്നാൽ ബാലൻസു പിടിച്ചുനിന്നിട്ട് പ്രത്യാക്രമണത്തിനൊരുങ്ങി.
പക്ഷേ വൈകിപ്പോയിരുന്നു.
ജെയിംസിന്റെ ചുരുട്ടിയ കൈപ്പത്തി ചീറിവന്നു. അത് മുരുകന്റെ മേൽച്ചുണ്ടും മൂക്കും ചേർത്ത് കനത്ത ആഘാതം തീർത്തു.
''ഹാ...." അയാളിൽ നിന്ന് അമർത്തിയ ഒരു ശബ്ദമുണ്ടായി.
തന്റെ അനുചരന്മാർ അടിയേറ്റു പി ടയുന്നത് അയാൾ കണ്ടു. പിടിച്ചുനിൽ ക്കുക അസാദ്ധ്യം.
അപ്പോൾ പിന്നിൽ നിന്ന് ക്രിക്കറ്റ് സ്റ്റംപുകൊണ്ടുള്ള ഒരടി പുറത്തേറ്റു.
അതോടെ അനുചരരെ വിളിച്ചുകൊണ്ട് അയാൾ തങ്ങൾ വന്ന സുമോയ്ക്കു നേരെ പാഞ്ഞു. ഡോർ വലിച്ചു തുറന്ന് സ്റ്റീയറിംഗ് വീലിനു പിന്നിലേക്കു പറന്നുവീണു.
എൻജിൻ മുരണ്ടു.
ഉൽക്കണ്ഠയുടെ വേഗത്തിൽ സുമോ പിന്നിലേക്കു വന്നു. അവിടെ നിന്നിരുന്നവർ ഓടിമാറി.
മുരുകന്റെ അനുചരർ വണ്ടിയിലേക്കു ചാടിക്കയറി... മുരുകൻ മിന്നൽ പോലെ അത് മുന്നോട്ടു പായിച്ചു.
എന്നാൽ....
ഒരുത്തനേ പൂർണമായി സുമോയ്ക്ക് ഉള്ളിൽ കയറാൻ കഴിഞ്ഞുള്ളൂ.
ജെയിംസ് രണ്ടാമന്റെ ഷർട്ടിൽ പിന്നിൽ നിന്ന് പിടിച്ചുവലിച്ചു. ഒപ്പം സുമോയുടെ കൂടെ ഓടി...
രണ്ടാമന്റെ കാൽ വഴുതി... വണ്ടിയിലെ പിടിവിട്ടു. അയാൾ മലർന്നുവീണു...
എങ്കിലും സുമോ നിർത്തിയില്ല മുരുകൻ... ഒന്നുകൂടി ആക്സിലറേറ്റർ ഞെരിച്ചു.
തറയിൽ വീണവനെ വലിച്ചുപൊക്കി ഇരു കവിളുകളിലും ആഞ്ഞടിച്ചു ജെയിംസ്.
'' ഇവനെ ഇങ്ങോട്ടു താ സാറേ... ഞങ്ങള് കൈകാര്യം ചെയ്യാം..."
ചെറുപ്പക്കാർ പറഞ്ഞു.
അവർ, അവനെ തല്ലിക്കൊല്ലുമെന്ന് ജെയിംസിന് അറിയാം. നാളെപ്പിന്നെ മീഡിയക്കാർ അത് 'ആൾക്കൂട്ട കൊലപാതക"മെന്നോ 'സദാചാര പോലീസ് " ഗുണ്ടായിസമെന്നോ ഒക്കെ വ്യാഖ്യാനിച്ചേക്കാം.
''വേണ്ട." ജയിംസ് പറഞ്ഞു. ''ഇവൻ ജീവനോടെ ഉണ്ടാവണം. എന്തിനും വിജയ വരട്ടെ.. എന്തായിരുന്നു ശരിക്കും ഇവന്റെയൊക്കെ ലക്ഷ്യം എന്ന് അറിയണമല്ലോ..."
ജെയിംസ് അയാളെ ഭിത്തിയോട് ചേർത്ത് തറയിൽ ഇരുത്തി. കൈകൾ പരസ്പരം കോർത്ത് തലയ്ക്കു പിന്നിൽ അമർത്തിച്ചു.
''ഇവിടെ നിന്ന് നീ ഇനി അനങ്ങിയാൽ ഉത്തമപാളയം പോയിട്ട് തമിഴ്നാട് ബോർഡർ പോലും കാണില്ല." കനത്ത താക്കീതും നൽകി.
അഞ്ചു മിനിട്ടു കഴിഞ്ഞു.
പിങ്ക് പൊലീസിന്റെ ഇന്നോവ അവിടേക്കെത്തി. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ മുറ്റത്തെ ആൾക്കൂട്ടം കണ്ടപ്പോൾത്തന്നെ വിജയ്ക്കു മനസ്സിലായി. വീട്ടിൽ അരുതാത്തതെന്തോ നടന്നിരിക്കുന്നു!
അവൾക്കു നെഞ്ചിടിപ്പേറി.
ഇന്നോവ നിന്നയുടൻ അവൾ മാത്രമല്ല, ഡ്രൈവർ സുമം ഉൾപ്പെടെയുള്ളവർ ചാടിയിറങ്ങി.
മുന്നിൽ ജെയിംസിനെ കണ്ടപ്പോൾ അവൾക്ക് ആശ്ചര്യമായി.
''സാർ..."
''ഞാൻ വരാൻ അല്പം വൈകിപ്പോയി.."
വിജയയുടെ കണ്ണുകൾ തറയിൽ ഇരിക്കുന്നവനിലേക്കു നീണ്ടു.
''ഇത്?"
ജെയിംസ് കാര്യം ചുരുക്കി പറഞ്ഞു. അകത്തുനിന്ന് നനഞ്ഞ കണ്ണുകളോടെ മാലിനിയും എത്തി.
ഇവനെ ജനങ്ങൾക്കു മുന്നിൽ വച്ചു ചോദ്യം ചെയ്തുകൂടാ. വിജയ തീരുമാനിച്ചു. തങ്ങളുടെ ലക്ഷ്യം പാളിപ്പോകാൻ അത് മതി.
വിജയ തമിഴനെ വിലങ്ങിട്ട് കസ്റ്റഡിയിൽ എടുത്തു.
[തുടരും]