വമ്പൻ സാധനങ്ങളിൽ തുടങ്ങി കളിപ്പാട്ടം മുതൽ മൊട്ടുസൂചിവരെ നിർമിച്ച് 'മേഡ് ഇൻ ചൈന' എന്ന ലേബൽ പതിക്കുന്ന ചൈന ഇനി സ്വന്തമായി സൂര്യനെ നിർമിച്ച് അതിലും പേര് പതിച്ചാലോ.. അതിനുള്ള തയാറെടുപ്പിലാണത്രേ ചൈന. സൂര്യൻ എന്ന് കേട്ട് അമ്പരക്കണ്ട, ഇത് കൃത്രിമ സൂര്യൻ. ചൈനയിൽ നടന്ന ഒരു രാഷ്ട്രീയ സമ്മേളനത്തിൽ നാഷണൽ കോർപ്പറേഷന്റെ ഡെപ്യൂട്ടി ഡീനാണ് ഇക്കാര്യം അറിയിച്ചത്.
ചൈനയുടെ ഏറ്റവും വലിയ പേടിയാണ് അന്തരീക്ഷ മലിനീകരണം. വിഷവസ്തുക്കൾ നിറഞ്ഞ പുക ശ്വസിച്ചും മറ്റ് മലിനീകരണങ്ങൾ കാരണവും ആയിരക്കണക്കിനാളുകളാണ് ചൈനയിൽ ഓരോ കൊല്ലവും മരിക്കുന്നത്. അതിനാൽ അന്തരീക്ഷ മലിനീകരണം ഉണ്ടാവാത്ത രീതിയിൽ ഊർജ്ജം ഉത്പാദിക്കാനാണ് ചൈനയുടെ ശ്രമം. അതിന്റെ ആലോചനയിലാണ് 'കൃത്രിമ സൂര്യൻ' എന്ന ആശയത്തിൽ എത്തിനിൽക്കുന്നത്.
കൃത്രിമ സൂര്യൻ എന്താണെന്ന് ആലോചിച്ചും തല പുണ്ണാക്കണ്ട. സൂര്യന്റെ ഉൾക്കാമ്പിലെ ചൂടിനേക്കാളും ആറിരട്ടി ചൂട് കൂടുതലുള്ള ഒരു റിയാക്ടറാണ് ഈ കൃത്രിമ സൂര്യൻ. 'ഈസ്റ്റ് ' എന്നാണിതിന് പേരിട്ടിരിക്കുന്നത്. സൂര്യനിൽ സാധാരണ സംഭവിക്കുന്ന അണു സംയോജനത്തെ കൃത്രിമമായി നിർമ്മിച്ച് 10 കോടി ഡിഗ്രി സെൽഷ്യസ് ചൂട് ഉത്പാദിപ്പിക്കുകയാണ് റിയാക്ടർ ചെയ്യുന്നത്. ഇക്കൊല്ലം പദ്ധതിയുടെ ആദ്യ ഘട്ടം കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. റിയാക്ടർ പൂർത്തിയായാൽ മലിനീകരണമൊന്നുമില്ലാതെ ചൈനയ്ക്ക് വൻ തോതിൽ ഹരിതോർജ്ജം ഉപയോഗിക്കാം.