sun-burn

തിരുവനന്തപുരം: കോട്ടയത്ത് നാല് പേർക്ക് സൂര്യാഘാതമേറ്റു. കോട്ടയം,​ ഉദയനാപുരം,​ ഏറ്റുമാനൂർ,​ പട്ടിത്താനം എന്നിവിടങ്ങളിലാണ് സൂര്യാഘാതമുണ്ടായത്. ശുചീകരണ തൊഴിലാളി ശേഖരൻ,​ അരുൺ,​പട്ടിത്താനം സ്വദേശി തങ്കച്ചൻ,​ കുറുമുള്ളൂർ സ്വദേശി സജി എന്നിവർക്കാണ് പൊള്ളലേറ്റത്.

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശരാശരിയേക്കാൾ നാല് ഡിഗ്രിവരെ ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെ ജാഗ്രത തുടരാൻ ആരോഗ്യവകുപ്പും ദുരന്ത നിവാരണ അതോറിട്ടിയും നിർദേശിച്ചു. ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് ശരാശരിയിൽനിന്ന് മൂന്നുമുതൽ നാലു ഡിഗ്രിവരെ ചൂടുകൂടാനിടയുണ്ട്. നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മൂന്നുഡിഗ്രിവരെ ചൂട് കൂടും.

സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ തൊഴിൽവകുപ്പിന്റെ ജോലി പുനഃക്രമീകരണം ഏപ്രിൽ 30 വരെ നീട്ടി. ഇരുചക്രവാഹനങ്ങളിൽ ഭക്ഷണവിതരണം നടത്തുന്നവർ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്താൻ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.രാവിലെ 11 മണി മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം തുടരുന്നതിനാൽ വേനൽമഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.