വികസ്വര രാജ്യങ്ങളിൽ ഇപ്പോഴും ക്ഷയരോഗം പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്. എയ്ഡ്സിന് വരെ വികസിത രാജ്യങ്ങളിലും ക്ഷയരോഗം പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാക്കി മാറ്റിയിട്ടുണ്ട്.
എച്ച്.ഐ.വി ബാധിതരല്ലാത്തവരിൽ 5 - 10 ശതമാനം ആൾക്കാർ രോഗാണുബാധയുണ്ടായാൽ ഭാവിയിൽ ക്ഷയരോഗമുള്ളവരായിത്തീരും. ഈ നിരക്ക് എച്ച്.ഐ.വി ബാധിതരിൽ 30 ശതമാനം ആണ്. ക്ഷയരോഗം ശരീരത്തിന്റെ എല്ലാ ഭാഗത്തെയും ബാധിക്കും. ഏറ്റവും സാധാരണയായി ഇത് ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്.
ഈ അവസ്ഥയെ പൾമണറി ട്യൂബർക്കുലോസിസ് എന്നാണ് വിളിക്കുന്നത്. ശ്വാസകോശമല്ലാതെയുള്ള ശരീരഭാഗങ്ങളെയും ഇത് ബാധിക്കാറുണ്ട്. ഈ രണ്ട് അവസ്ഥകളും ഒരുമിച്ചും കാണപ്പെടാം. പനി, വിറയൽ, രാത്രിയിലെ വിയർപ്പ്, വിശപ്പില്ലായ്മ, ഭാരം കുറയുക, വേഗത്തിൽ ക്ഷീണിക്കുക, കൈവിരലുകളുടെ അറ്റത്ത് നീരുണ്ടാകുക, ക്ളബ്ബിംഗ് എന്നിവയാണ് ലക്ഷണങ്ങൾ. നെഞ്ചുവേദന, ചുമച്ച് രക്തം തുപ്പുക, കഫത്തോടുകൂടി മൂന്ന് ആഴ്ചയിൽ അധികം നീണ്ടുനിൽക്കുന്ന ചുമ, വിളർച്ച എന്നിവയുമുണ്ടാകും.
ശ്വാസകോശത്തെ ബാധിക്കുന്ന തരം ക്ഷയരോഗം
90 ശതമാനം കേസുകളിലും ക്ഷയരോഗം ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. നെഞ്ചുവേദന, നീണ്ടുനിൽക്കുന്ന കഫത്തോടുകൂടിയ ചുമ എന്നിവയും ലക്ഷണങ്ങളാണ്. ഏകദേശം 25 ശതമാനം ആൾക്കാരിൽ രോഗലക്ഷണങ്ങളുണ്ടാകില്ല. ചുമച്ച് ചോര തുപ്പുന്നത് കുറച്ചുപേരിൽ കാണപ്പെടാറുണ്ട്.
വിരളമായ കേസുകളിൽ രോഗാണുബാധ മൂലം പൾമണറി ധമനിയിൽ ദ്വാരമുണ്ടാവുകയും വലിയ അളവിൽ രക്തസ്രാവമുണ്ടാവുകയും ചെയ്യും. റാസ്മൂസൺസ് അന്യൂറിസം എന്നാണ് ഈ അവസ്ഥയെ വിവക്ഷിക്കുന്നത്. ശ്വാസകോശങ്ങളുടെ മുകൾ ലോബുകളിൽ വടുക്കളുണ്ടാകാൻ ക്ഷയരോഗം കാരണമാകും.
ശ്വാസകോശത്തിന്റെ മുകൾ ലോബുകളാണ് കീഴ് ലോബുകളേക്കാൾ കൂടുതൽ ക്ഷയരോഗബാധിതമാകുന്നത്. എന്താണ് ഇതിനു കാരണമെന്നത് വ്യക്തമല്ല. വായു സഞ്ചാരം കൂടുതലുള്ളതോ ലിംഫ് സ്രവം ഇവിടെ നിന്ന് ഒലിച്ചുപോകുന്നത് എളുപ്പമല്ലാത്തതുകൊണ്ടോ ആവാം ഇത്.
(തുടരും)
ഡോ. സോഫിയ സലിം മാലിക്
കൺസൽട്ടന്റ്
പൾമൊണൊളജിസ്റ്റ്
എസ്.യു.ടി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം
ഫോൺ: 0471 407 7777