തലയെടുക്കാനായി വലിയ മത്സരം തന്നെയാണ് അങ്ങ് സ്പെയിനിൽ നടക്കാറുള്ളത്. എന്നാൽ, മനുഷ്യന്റേതാണെന്നു കരുതി മൂക്കത്ത് വിരൽ വയ്ക്കണ്ട! താറാവുകളുടെ തലയെടുക്കാനാണ് ഈ മത്സരം. താറാവുകളുടെ തലയാണെന്നു കരുതി സംഗതി വളരെ എളുപ്പവുമല്ല. നമ്മുടെ നാട്ടിലെ ഉറിയടി മാതൃകയിലാണ് പരിപാടി. ജീവനോടെ നല്ല പെടപെടയ്ക്കണ താറാവുകളെ തലകീഴായി കെട്ടിത്തൂക്കുകയാണ് ആദ്യം ചെയ്യുന്നത്. നല്ല ആരോഗ്യമുള്ള താറാവുകളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. താറാവുകൾ ജീവനുവേണ്ടി പിടയുമ്പോൾ കുതിരപ്പുറത്ത് വന്ന് കൈകൊണ്ട് താറാവിന്റെ തല വലിച്ചുപൊട്ടിക്കുന്നവനാണ് വിജയി. ചുറ്റും കൂടിയവരൊക്കെ കൈയടിച്ചും കൂവിവിളിച്ചും പ്രോത്സാഹിപ്പിക്കും.
സ്പെയിനിലെ എൽ കാർപിയോ താജോ എന്ന ഗ്രാമത്തിലാണ് പാരമ്പര്യ വിശ്വാസത്തിന്റെ ഭാഗമായി ഇങ്ങനെയൊരു ആചാരം. എല്ലാ വർഷവും ജൂലായ് 25നാണ് ഗ്രാമവാസികൾ മത്സരം സംഘടിപ്പിക്കുന്നത്. മത്സരാർത്ഥികൾ വെറുതെവന്ന് പങ്കെടുക്കുകയൊന്നുമല്ല. പ്രത്യേക പരിശീലനം ഇതിനായി വേണം. മത്സരാർത്ഥികൾ ഉപയോഗിക്കുന്ന കുതിരകളെ അലങ്കരിച്ചാണ് കൊണ്ടുവരുന്നത്.