വാഷിംഗ്ടൺ: ഇനി ഈ ജന്മം റിയാലിറ്റിഷോയിൽ മത്സരിക്കാനില്ല. ഇത് സത്യം.. സത്യം.. സത്യം. പ്രമുഖ ഹോളിവുഡ് നടി പമേല ആൻഡേഴ്സണിന്റേതാണ് ഇൗ ഉഗ്രശപഥം. താരങ്ങളുടെ ഉദയത്തിന് റിയാലിറ്റിഷോകൾ ഒരു പങ്കും വഹിക്കുന്നില്ലെന്നും മത്സരങ്ങൾ ആരോഗ്യപരമല്ലെന്നുമാണ് പമേലയുടെ കണ്ടുപിടിത്തം. അതിനാലാണ് റിയാലിറ്റിഷോകളിൽ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചത്. ശപഥത്തിന്റെ കാര്യം പമേല തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ബിഗ് ബ്രദർ, ഡാൻസിംഗ് ഒാൺ ഐസ് തുടങ്ങി ഏറെ പ്രശസ്തമായ നിരവധി റിയാലിറ്റിഷോകളിൽ തിളങ്ങിയ താരമാണ് പമേല. കാര്യങ്ങൾ ഇങ്ങനെയിരിക്കെ പെട്ടൊന്നൊരു പിന്മാറ്റത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടാവുമെന്നാണ് ആരാധകർ പറയുന്നത്.തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. റിയാലിറ്റിഷോയിലെ മത്സരം ആരോഗ്യപരമല്ലെന്ന പമേലയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ.
റിയാലിറ്റി ഷോ താരങ്ങളായ നിരവധിപേർ അടുത്തിടെ ജീവനൊടുക്കിയിരുന്നു. അധിക സമ്മർദ്ദവും മോശം പെരുമാറ്റവുമാണ് ഇതിനുകാരണ മെന്നാണ് വിലയിരുത്തുന്നത്. അതേസമയം അവസരം കുറഞ്ഞതാണ് പമേലയെ ഇങ്ങനെ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിമർശകർ പറയുന്നത്. ആരും വിളിക്കുന്നില്ലെന്ന് പറയാതെ പിൻമാറുകയാണെന്ന് ആലങ്കാരികമായി പറയുകയായിരുന്നു എന്നാണ് അവർ പറയുന്നത്.