saradakkutty

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് രാഷ്ട്രീയ ഭേദമന്യേ പിന്തുണ നൽകിക്കൊണ്ട് ശാരദക്കുട്ടി രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടി സ്ഥാനാർത്ഥികൾക്ക് പിന്തുണ അറിയിച്ചത്. ലോക സമാധാന പാലനത്തിൽ സ്ത്രീകൾക്ക് കാര്യമായി പലതും ചെയ്യാനാകും. സ്ത്രീകൾ രംഗത്തു വരുമ്പോൾ രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾക്ക് കൂടുതലായ ഒരുണർവ്വുണ്ടാകട്ടെ. തെരുവുകൾ ആഹ്ലാദഭരിതമാകണംമെന്നും ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റി‌ന്റെ‌ പൂർണരൂപം

രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്? ശ്രീമതി ടീച്ചർ പണ്ട് നൃത്തം ചെയ്തപ്പോൾ പലരും കളിയാക്കിയിരുന്നു. അപ്പോൾ തോന്നിയതും ഇതു തന്നെ. ശ്രീമതി ടീച്ചറിനെന്താ നൃത്തം ചെയ്താൽ? സി.എസ്.സുജാതയുടെ നേതൃത്വത്തിൽ വിപ്ലവക്കുമ്മി വന്നപ്പോഴും അതിനിപ്പോൾ എന്താ തകരാറ് എന്നേ തോന്നിയിട്ടുള്ളു.

ആൾക്കൂട്ടത്തിനൊപ്പം വീണാ ജോർജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും ഒക്കെ പാടുക മാത്രമല്ല നൃത്തം ചെയ്യുകയും വേണം. വലിയ രാഷ്ട്രീയ ഗൗരവപൊയ്മുഖങ്ങൾ ഒക്കെ അഴിഞ്ഞു വീഴട്ടെ.

സ്ത്രീകളുടെ പ്രകടനപത്രികകളിൽ സന്തോഷവും സമാധാനവും ആനന്ദവും ഉണർവും വീര്യവും നിറയട്ടെ.ഇതൊക്കെ തിരഞ്ഞെടുപ്പു കാലത്തു മാത്രമല്ല എല്ലായ്പോഴും സാധ്യമാകണം. ലോകസമാധാന പാലനത്തിൽ സ്ത്രീകൾക്ക് കാര്യമായി പലതും ചെയ്യാനാകും സ്ത്രീകൾ രംഗത്തു വരുമ്പോൾ രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾക്ക് കൂടുതലായ ഒരുണർവ്വുണ്ടാകട്ടെ. തെരുവുകൾ ആഹ്ലാദഭരിതമാകണം. പകയും വാശിയും തെറിയും ആഭാസത്തരവും കൊല്ലും കൊലവിളിയും വെട്ടും കുത്തും ഒന്നുമല്ലല്ലോ. പാട്ടും കൂത്തുമല്ലേ? അത് കോളേജ് വിദ്യാഭ്യാസകാലത്ത് അവസാനിപ്പിക്കേണ്ട ഒന്നല്ല.

എസ്.ശാരദക്കുട്ടി

26.3.2019