ചെന്നൈ:എന്നെ ജയിപ്പിക്കൂ. മാസം പത്ത് ലിറ്റർ മദ്യം നിങ്ങളുടെ വീട്ടുപടിക്കൽ ഞാനെത്തിക്കും. തീർച്ച...
തമിഴ്നാട്ടിലെ തിരുപ്പൂർ ലോക്സഭാ സീറ്റിലെ സ്വതന്ത്രസ്ഥാനാർത്ഥി എ എം ഷെയ്ക്ക് ദാവൂദിന്റെ വാഗ്ദാനമാണിത്.
നാട്ടിലെ ജനങ്ങൾ മദ്യംതേടി അലയുന്നത് കണ്ട് മനംനൊന്തിട്ടാണത്രേ ഇങ്ങനെയൊരു വാഗ്ദാനം പുറപ്പെടുവിച്ചത്. സംഗതി കൊള്ളാമെന്നാണ് വോട്ടർമാരുടെ അഭിപ്രായം.
വിശദമായ ഹോംവർക്കിനുശേഷമാണ് ഷെയ്ക്ക് വാഗ്ദാനം പുറത്തുവിട്ടത്. വോട്ടർമാർക്കെല്ലാം നൽകണമെങ്കിൽ കൂടിയ അളവിൽ മദ്യംവേണം. പോണ്ടിച്ചേരിയിൽ നിന്നാകും ഇത് എത്തിക്കുക. എന്നാൽ ഇതിനുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്ന് ഷെയ്ക്ക് പറയുന്നില്ല.ഫ്രീ മദ്യത്തിനൊപ്പം മറ്റ് കിടുക്കൻ വാഗ്ദാനങ്ങളും ഷെയ്ക്ക് നൽകുന്നുണ്ട്. മാസം തോറും ഓരോ കുടുംബത്തിനും 25,000 രൂപ നൽകുമെന്നതാണ് ഇതിലൊന്ന്.
മേട്ടൂർ മുതൽ തിരുപ്പൂർ വരെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർജോലി, വിവാഹത്തിനായി പത്തുലക്ഷം രൂപയും പത്തുസ്വർണനാണയങ്ങളും നൽകും എന്നും അദ്ദേഹം പറയുന്നുണ്ട്. ഇതിനുള്ള പണം എം.പി ഫണ്ടിൽ നിന്നാണ് കണ്ടെത്തുന്നത്. പറഞ്ഞ എല്ലാ കാര്യങ്ങളും അപ്പടി നടപ്പാക്കുമെന്നാണ് ഷെയ്ക്ക് പറയുന്നത്. ഇത്തവണ പ്രമുഖ സ്ഥാനാർത്ഥികളെയെല്ലാം ബഹുദൂരം പിന്നിലാക്കി താൻ ജയിക്കുമെന്നും അദ്ദേഹം ഉറപ്പ് പറയുന്നു.