ഹൈദരാബാദ്: തെലങ്കാനയിലെ വിശ്വേശർ റെഡ്ഡി എന്ന കോൺഗ്രസ് സ്ഥാനാർത്ഥിയെക്കുറിച്ച് സംസ്ഥാനത്തിന് പുറത്ത് പലർക്കും പിടിയുണ്ടാവില്ല. എന്നാൽ, ഇന്നു പക്ഷേ, അദ്ദേഹം ശ്രദ്ധേയനാണ്. മറ്റൊന്നും കൊണ്ടല്ല, സ്വത്ത് കാര്യത്തിൽ. 895 കോടിയുടെ ആസ്തിയാണ് അദ്ദേഹം നാമനിർദേശ പത്രികയിൽ കാണിച്ചിരിക്കുന്നത്.
തെലങ്കാനയിലെ ചെവല്ല മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. വിശ്വേശർ റെഡ്ഡി തെലങ്കാനയിലെയും ആന്ധ്രയിലെയും സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നനാണ്. വിശ്വേശർ റെഡ്ഡിയ്ക്ക് 223 കോടിയും ഭാര്യയും അപ്പോളോ ഹോസ്പിറ്റൽസിന്റെ ജോയിന്റ് മാനേജറുമായ സംഗീത റെഡ്ഡിയ്ക്ക് 613 കോടിയുടെ സ്വത്തുമുണ്ട്. മറ്റുചില സമ്പാദ്യങ്ങൾ കൂടി ചേർക്കുമ്പോൾ 895 കോടി. നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്.
വിശ്വേശർ റെഡ്ഡിയ്ക്ക് 36 കോടിയും ഭാര്യ സംഗീതയ്ക്ക് 1.81 കോടിയും വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കൾ ഉണ്ട്. 2014ലെ തിരഞ്ഞെടുപ്പിൽ റെഡ്ഡിയുടെ കുടുംബത്തിന്റെ ആസ്തി 528 കോടിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. അന്ന് തെലങ്കാന രാഷ്ട്ര സമിതിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച റെഡ്ഡി കഴിഞ്ഞ ഡിസംബറിലാണ് കോൺഗ്രസിൽ ചേർന്നത്.
വിശ്വേശർ റെഡ്ഡി ഒരു എൻജിനിയർ കൂടിയാണ്. യു.എസിൽ നിന്ന് എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ വിശ്വേശർ റെഡ്ഡി ന്യൂജേഴ്സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, വിപ്രോ തുടങ്ങിയ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എൻജിനിയറിംഗ് മേഖലയിൽ തന്റേതായ നിരവധി സംഭാവനകൾ നൽകിയ വിശ്വേശർ റെഡ്ഡി നിരവധി പേറ്റന്റുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. എൻജിനീയറിംഗ് കൂടാതെ സ്പോർട്സ്, ചിത്രരചന തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
തെലുങ്കാനയിലെ ഏറ്റവും പ്രശസ്തമായ കുടുംബത്തിലാണ് ജനനം. വിശ്വേശർ റെഡ്ഡിയുടെ മുത്തച്ഛൻ ആന്ധ്രാപ്രദേശിലെ മുൻ ഉപമുഖ്യമന്ത്രിയും തെലങ്കാനയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ വ്യക്തിയുമായ കൊണ്ട വെങ്കട്ട രങ്കറാണ റെഡ്ഡിയാണ്. തെലങ്കാനയിലെ രങ്ക റാണ ജില്ലയ്ക്ക് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. വിശ്വേശർ റെഡ്ഡിയുടെ പിതാവ് കൊണ്ട മാധവ റെഡ്ഡി മുൻ ചീഫ് ജസ്റ്റിസാണ്. സിറ്റിംഗ് എം.പിയായ വിശ്വേശർ റെഡ്ഡിയാണ് തെലങ്കാനയിൽ നിന്നുള്ള ഏറ്റവും സമ്പന്നനായ പാർലമെന്റ് അംഗം. ഭാര്യ സംഗീത പ്രഗത്ഭയായ ഡോക്ടറും അപ്പോളോ ഹോസ്പിറ്റലുകളുടെ സ്ഥാപകനുമായ പ്രതാപ് റെഡ്ഡിയുടെ മകളാണ്.
വിശ്വേശർ റെഡ്ഡിയെ കൂടാതെ 650 കോടിയുടെ ആസ്തിയുമായി ആന്ധ്രാപ്രദേശ് കാബിനറ്റ് മന്ത്രിയും നാരായണ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഉടമ പി. നാരായണ, 547 കോടിയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, 538 കോടിയുടെ ആസ്തിയുമായി വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി നേതാവ് ജഗൻമോഹൻ റെഡ്ഡി തുടങ്ങിയവരാണ് തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ സമ്പന്നരായ സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഉള്ളത്.