pak

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പാക്കിസ്ഥാനിൽ മതപരിവർത്തവും ബലപ്രയോഗത്തിലൂടെ വിവാഹവും നടത്തിയ സംഭവത്തിൽ ശക്തമായ ഇടപെടലുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പെൺകുട്ടികളെ എത്രയും വേഗത്തിൽ കണ്ടെത്തി കുടുംബത്തിനു കൈമാറണമെന്ന് സുഷമ സ്വരാജ് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് സംഭവത്തിനെ കുറിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് സുഷമ സ്വരാജ്. അതേസമയം സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് ഇസ്ലാമാബാദ് കോടതി പാക് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

''നീതി നടപ്പാക്കുമെന്ന് തന്നെയാണ് വിശ്വാസം. എത്രയും വേഗം പെൺകുട്ടികളെ കണ്ടെത്തി കുടുംബാംഗങ്ങളെ ഏൽപ്പിക്കണമെന്ന്'' സുഷമ പാക് സർക്കാരിനോട് ആവശ്യപ്പെട്ടു. 'പുതിയ പാക്കിസ്ഥാൻ' എന്ന ശീർഷകത്തോടെയായിരുന്നു സുഷമ സ്വരാജിന്റെ ട്വീറ്റ്.

അതേസമയം,​ പെൺകുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും വിവാഹം കഴിച്ചതെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാക് മാദ്ധ്യമങ്ങളുടെ വാദം ശരിവയ്ക്കുന്ന തരത്തിൽ പെൺകുട്ടിയുടെ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

pak


കഴിഞ്ഞ ഹോളി ദിനത്തിലാണ് തോക്കുകളുമായി വീട്ടിൽ അതിക്രമിച്ച് കയറിയവർ സഹോദരിമാരായ റീനയെയും (15), രവീണയെയും (13) തട്ടിക്കൊണ്ടു പോയത്. തുടർന്ന് ഒരു മുസ്‍ലിം പണ്ഡിതന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ വിവാഹം നടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ഉയരുകയായിരുന്നു. സിന്ധ് പ്രവിശ്യയിലെ ഖോബർ, മാലിക് വിഭാഗത്തിലുളള ആളുകളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തിനു പിന്നാലെ ഏഴുപേരാണ് പിടിയിലായത്.

ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയാണ്. തോക്കിൻ മുനയിൽ നിറുത്തി പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി വൃദ്ധന്മാരുമായി വിവാഹം കഴിപ്പിക്കുന്ന രീതികൾ സിന്ധ് മേഖലയിൽ പതിവാണെന്നും പാക് ഹിന്ദു സേവാ വെൽഫെയർ ട്രസ്റ്റ്‌‌ പ്രസിഡന്റ് സൻ‌ജേഷ് ധൻജ ആരോപിച്ചു. സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ഹൈന്ദവസമൂഹം വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.

രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നൽകിയ വാഗ്ദാനങ്ങൾ ഓർമിപ്പിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. പെൺകുട്ടികളെ ഉടൻ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പഞ്ചാബ് മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകിയിരുന്നു.