prithviraj-mohanlal

ഇന്ത്യൻ സിനിമയ്‌ക്കു മുന്നിൽ മലയാള ചലച്ചിത്ര ലോകത്തിന്റെ അഭിമാനമാണ് മോഹൻലാൽ. അതുകൊണ്ടു തന്നെ ഒരു മോഹൻലാൽ ചിത്രമെന്നത് ഏതൊരു സംവിധായകന്റെയും മോഹം തന്നെയാണ്. നായകനെന്ന നിലയിൽ തിരക്കിന്റെ പരകോടിയിൽ നിൽക്കുമ്പോഴും, ഒരു ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ പൃഥ്വിരാജ് എന്ന മലയാളത്തിന്റെ യംഗ് സൂപ്പർതാരത്തിനും മറ്റൊരു ഓപ്‌ഷൻ ഉണ്ടായിരുന്നില്ല..

മാർച്ച് 28ന് ലൂസിഫർ തിയേറ്ററുകളിലെത്തുകയാണ്. എന്നാൽ അടുത്തിടെ നടന്ന സിനിമയുടെ ഒരു പ്രൊമോഷൻ ചടങ്ങ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മോഹൻലാലും പൃഥ്വിരാജും മഞ്ജുവാര്യരുമടക്കമുള്ള താരങ്ങൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. വേദിയിലേക്ക് ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നതിനിടെ പൃഥ്വിയും റെഡ് കാർപ്പറ്റിലൂടെ നടന്നുവരുകയാണ്.. എന്നാൽ പെട്ടെന്ന് പിന്നിലേക്ക് നോക്കുന്ന താരം കാണുന്നത് മോഹൻലാൽ വരുന്നതാണ്. ഉടൻ തന്നെ വശത്തേക്ക് മാറികൊണ്ട് അദ്ദേഹം ലാലിന് വഴിയൊരുക്കി കൊടുക്കുകയായിരുന്നു. നിറഞ്ഞ കൈയടിയോടെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഇതിനെ വരവേൽക്കുന്നത്. ബഹുമാനം അത് ഉള്ളിൽ നിന്നു വരണം......കലക്കി രാജുവേട്ട എന്ന് തുടങ്ങുന്നു ആരാധകരുടെ കമന്റ്.

അതിനിടയിൽ ചിത്രത്തിലെ മറ്റൊരു സർപ്രൈസും ഇന്ന് രാവിലെ അണിയറക്കാർ പുറത്തു വിട്ടു. സയിദ് മസൂദ് എന്ന കഥാപാത്രമായി താനും ലൂസിഫറിൽ ഉണ്ടെന്ന വമ്പൻ സർപ്രൈസാണ് പൃഥ്വി തന്റെ ആരാധകർക്ക് നൽകിയത്. ചിത്രത്തിലെ 27 ആമത്തെ ക്യാരക്‌ടർ പോസ്‌റ്ററായാണ് പൃഥ്വി എത്തിയത്.

മഞ്ജു വാര്യർ, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത് സുകുമാരൻ, സായി കുമാർ തുടങ്ങി വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫാദർ നെടുമ്പള്ളിയായി സംവിധായകൻ ഫാസിലും ലൂസിഫറിൽ എത്തുന്നുണ്ട്.

മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടർന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സ്റ്റീഫൻ നെടുമ്പള്ളിയുടെ ഉദയവുമെല്ലാമാണ് ചിത്രത്തിന്റെ കഥയെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്.

ലൂസിഫർ ട്രെയിലർ-