ഗുജറാത്തിലെ ഗാന്ധിനഗറിൽ ഇക്കുറി എൽ.കെ. അദ്വാനിക്ക് ടിക്കറ്റില്ലെന്ന് അറിഞ്ഞപ്പോഴേ പകരമാരെന്ന് പകൽവെളിച്ചം പോലെ വ്യക്തമായിരുന്നു: സാക്ഷാൽ അമിത് ഷാ! രാജ്യത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ കൂടുതൽ തവണ മാദ്ധ്യമങ്ങൾ ആവർത്തിക്കുന്ന പേര്. ബി.ജെ.പിയുടെ എല്ലാ രാഷ്ട്രീയ, ജാതീയ തന്ത്രങ്ങളുടെയും അണിയറയിലെ ചാണക്യബുദ്ധി. പാർട്ടിയെ ഇന്നത്തെ നിലയിലേക്ക് പടുത്തുയർത്തിയ ശില്‌പി.
വയസ്സ് അമ്പത്തിനാലേയുള്ളൂ എന്ന് ആ ശരീരം കണ്ടാൽ പറയില്ല. ആജാനുബാഹു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ. മോദി പ്രധാനമന്ത്രിയാകും വരെ ഗുജറാത്ത് ആയിരുന്നു ഷായുടെ തട്ടകം. 1997-ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പു മുതൽ തുടർച്ചയായ നാലു തിരഞ്ഞെടുപ്പുകളിൽ സാർഖേജ് മണ്ഡലത്തിൽ നിന്ന് ജയം. 2012-ൽ നരൺപുരയിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക്.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ ചുമതലയായിരുന്നു അമിത് ഷായ്‌ക്ക്. ജാതിസമവാക്യങ്ങളെല്ലാം തിരുത്തിയെഴുതിയ അ
മിത് ഷാ, ഉത്തർപ്രദേശിൽ പാർട്ടിക്കു നേടിക്കൊടുത്തത് ആകെയുള്ള 80-ൽ 73 സീറ്റുകളാണ്. വിജയത്തിന്റെ സൂത്രധാരന് അതിനു പാരിതോഷികമായി അതേ വർഷം പാർട്ടി ദേശീയ അദ്ധ്യക്ഷ പദവിയും കിട്ടി. 2016-ൽ ബി.ജെ.പിക്ക് മഹാരാഷ്‌ട്ര, ഹരിയാന, ജമ്മു കശ്‌മീർ, ജാർഖണ്ഡ്, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം സമ്മാനിച്ചതിനു പിന്നിൽ അമിത് ഷായുടെ കൈകളായിരുന്നു.
1983-ൽ ആർ.എസ്.എസിന്റെ വിദ്യാർത്ഥി വിഭാഗമായ എ.ബി.വി.പിയിലൂടെ ആയിരുന്നു അമിത് ഷായുടെ രാഷ്‌ട്രീയപ്രവേശം. 1986-ൽ ബി.ജെ.പി അംഗമായി. 1991-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത്, അന്ന് ഗാന്ധിനഗറിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന എൽ.കെ. അദ്വാനിക്കു വേണ്ടി പ്രചാരണരംഗത്തുണ്ടായിരുന്നു, ഈ അമിത് ഷാ- ഇരുപത്തിയേഴാം വയസ്സിന്റെ രക്തവീര്യത്തോടെ. ആ പഴയ യുവനായകൻ ഇന്നിപ്പോൾ അദ്വാനിയെ വെട്ടി സീറ്റ് കൈപ്പറ്റിയിരിക്കുന്നു.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പന്ത്രണ്ടു വർഷക്കാലം, മുഖ്യമന്ത്രിയുടേതിനോളം വലുപ്പമുള്ള 'കസേര'യായിരുന്നു അമിത് ഷായ്‌ക്കും. ഒരു ഘട്ടത്തിൽ സംസ്ഥാന മന്ത്രിസഭയിൽ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നത് ആഭ്യന്തരം, എക്‌സൈസ്, ട്രാൻസ്‌പോർട്ട്, അതിർത്തിസുരക്ഷ, പാർലമെന്ററി കാര്യം തുടങ്ങി ഒരേസമയം പന്ത്രണ്ടു വകുപ്പുകൾ! മോദിയും ഷായും തമ്മിലുള്ള അടുപ്പം വ്യക്തമാകാൻ ഇതിലും വലിയ ഉദാഹരണം വേണ്ട.
സൊഹ്റാബുദീൻ കേസ്, ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസുകൾ, സ്വകാര്യതാ നിയമലംഘന കേസ്... അങ്ങനെ കേസുകൾ നിരവധിയുണ്ട് ഷായുടെ പേരിൽ. അറസ്റ്റ്, ജയിൽവാസം... പക്ഷേ, ഷാ കുലുങ്ങിയില്ല. സൊറാബുദീൻ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ച കാലത്ത്, 2012-ൽ നരൺപുരയിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ച ഷാ നിഷ്പ്രയാസം ജയിച്ചുകയറി. 1989 മുതൽ ഇന്നോളം, ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ 28 തവണ ഷാ മത്സരരംഗത്തുണ്ടായിരുന്നു. ഇന്നോളം തോറ്റില്ല; ഒരിടത്തും.