കൊല്ലം: ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടു പോയ രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെ അന്വേഷണ സംഘം മുംബയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന പ്രധാന പ്രതി ഓച്ചിറ കന്നിട്ട പ്രേം നിവാസിൽ മുഹമ്മദ് റോഷനെയും (19) പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബയ് പൻവേലിന് സമീപത്തെ ചേരിയിലെ വാടക മുറിയിൽ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഇവരെ കണ്ടെത്തിയത്.
തങ്ങൾ പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചാണ് നാടുവിട്ടതെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. പെൺകുട്ടിക്ക് പതിനെട്ട് വയസായെന്ന് പ്രതി മുഹമ്മദ് റോഷൻ പറഞ്ഞു.
പ്രാഥമിക വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും പൻവേൽ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ഓച്ചിറയിൽ എത്തിയ ശേഷം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. തുടർന്ന് വിശദ വൈദ്യപരിശോധനയും നടത്തും. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ ശേഷം പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറാനാണ് സാദ്ധ്യത.
ദേശീയപാതയോരത്ത് മൺ പ്രതിമകൾ നിർമ്മിച്ചു വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ മൂത്തമകളായ കുട്ടിയെ ഈമാസം 18ന് രാത്രി പത്തരയോടെയാണ് മുഹമ്മദ് റോഷന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം വാടക വീട്ടിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയത്. എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവിനെ സംഘം മർദ്ദിക്കുകയും ചെയ്തു.
എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം മുഹമ്മദ് റോഷൻ പെൺകുട്ടിയുമായി ട്രെയിനിൽ കടക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം സംഘത്തിലെ മറ്റു മൂന്നു പേരെയും ഓച്ചിറ പൊലീസ് പിടികൂടി. മുഹമ്മദ് റോഷന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ബംഗളൂരു ആയിരുന്നു. അന്വേഷണസംഘം അവിടെ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ചയാണ് രണ്ടുപേരും മുംബയിലുണ്ടെന്ന വിവരം ലഭിച്ചത്. ഓച്ചിറ എസ്.ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തിയാണ് ഇരുവരെയും കണ്ടെത്തിയത്. ഓച്ചിറ സി.ഐ സജികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം
.
പിടിവള്ളിയായത് ഫോൺകാൾ
മുഹമ്മദ് റോഷന്റെ സുഹൃത്തുക്കളുടെയെല്ലാം ഫോൺ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കൂട്ടത്തിലൊരാളുടെ ഫോണിലേക്ക് മുംബയിൽ നിന്ന് വിളിയെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോൾ വിളിച്ചത് മുഹമ്മദ് റോഷനാണെന്നും അവർ മുംബയ് പൻവേലിൽ ഉണ്ടെന്നും വെളിപ്പെടുത്തുകയായിരുന്നു.