1. കനത്ത ചൂടില്‍ ചുട്ട് പൊള്ളി കേരളം. സംസ്ഥാനത്ത് ഇന്ന് മാത്രം സൂര്യാതാപമേറ്റത് ഏഴ് പേര്‍ക്ക്. കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകളിലാണ് സൂര്യാതാപം റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയം ഉദയനാപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യു.ഡി.എഫ് പ്രവര്‍ത്തകന്‍ അരുണിന് സൂര്യാതാപമേറ്റു. കോട്ടയം നഗരസഭിയലെ ശുചീകരണ തൊഴിലാളി ശേഖരനും പട്ടിത്താനം സ്വദേശികളായ തങ്കച്ചന്‍ കുറുമുള്ളൂര്‍ സ്വദേശി സജി എന്നിവര്‍ക്കും പൊള്ളലേറ്റു 2. പുനല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കും ഇടുക്കി രാജക്കോട്ടില്‍ ഒരു കര്‍ഷകനും സൂര്യാതാപമേറ്റവരില്‍ ഉള്‍പ്പെടുന്നു. പാലക്കാട് രണ്ടു പേര്‍ക്ക് സൂര്യതാപമേറ്റു. ഓങ്ങല്ലൂര്‍ സ്വദേശികളെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. വ്യാഴാഴ്ച വരെ അതീവ ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് 3. പകല്‍ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശം. മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ചിക്കന്‍പോക്സ് തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണം. ഇന്നലെ വരെ 3481 പേര്‍ക്ക് ചിക്കന്‍ പോക്സും 39 പേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. എല്‍നിനോ പ്രതിഭാസവും മഴക്കുറവും സംസ്ഥാനത്തെ ചുട്ട് പൊള്ളിക്കുകയാണ്. സൂര്യാതാപ മുന്നറിയിപ്പ് അവഗണിച്ച് തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് സംബന്ധിച്ച പരിശോധന വരും ദിവസങ്ങളിലും തുടരും. 4. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലത്തിന്റെ കാര്യത്തില്‍ തീരുമാനം നാളെ ഉണ്ടാവും. അമേഠി രാഹുലിന്റെ കര്‍മ്മഭൂമി ആവും എന്ന് കോണ്‍ഗ്രസ് പറയുമ്പോഴും ദക്ഷിണേന്ത്യയില്‍ ഒരു സീറ്റില്‍ നിന്നു കൂടി അദ്ദേഹം മത്സരിക്കും എന്ന് സൂചന നല്‍കി ദേശീയ നേതാക്കള്‍. അത് കേരളത്തില്‍ നിന്നോ കര്‍ണാടകത്തില്‍ നിന്നോ എന്ന കാര്യത്തില്‍ മാത്രമാണ് ഇനി തീരുമാനം വരാനുള്ളത്
5. രാഹുലിനായി തമിഴ്നാട് ഘടകവും സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ട് എങ്കിലും അതിനുള്ള സാധ്യത കുറവാണ്. രാഹുല്‍ കര്‍ണാടകത്തില്‍ മത്സരിക്കണം എന്ന് കെ.പി.സി.സി ആവശ്യം ഉന്നയിച്ചതായി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവു. സ്ഥാനാര്‍ത്ഥി ആവുന്ന കാര്യത്തില്‍ തീരുമാനം നീട്ടരുത് എന്ന് രാഹുലിനോട് കേരള നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. വയനാട് സീറ്റില്‍ തന്നെ രാഹുല്‍ മത്സരിക്കും എന്നാണ് പ്രതീക്ഷ. തീരുമാനം വൈകുന്നത് പ്രചരണത്തെ ബാധിക്കും എന്ന ആശങ്കയും നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട് 6. വടകരയില്‍ പ്രചരണം കൊഴുപ്പിച്ച് കെ. മുരളീധരന്‍. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല എങ്കിലും മുരളി തന്നെ എന്ന സന്ദേശം കെ.പി.സി.സിയ്ക്ക് നല്‍കി എ.ഐ.സി.സി. എന്നാല്‍ വയനാടിന്റെ കാര്യത്തില്‍ മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദ്ദേശം വന്നു എങ്കിലും കൃത്യമായ വിവരങ്ങള്‍ ഒന്നും ഹൈക്കമാന്റില്‍ നിന്ന് ലഭിച്ചിട്ടില്ല 7. തിരുവനന്തപുരത്തെ സുരക്ഷാ മേഖലയില്‍ അജ്ഞാത ഡ്രോണ്‍ പറന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഉപയോഗിച്ചത് കളിപ്പാട്ടം പോലുള്ള ഡ്രോണ്‍ ആവാം എന്നും ആശങ്ക വേണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ. റെയില്‍വെ സര്‍വെ നടത്തിയ ഏജന്‍സി ആവാം ഡ്രോണ്‍ പറത്തിയത് എന്നാണ് പ്രാഥമിക നിഗമനം 8. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി 11.15ന് ഡ്രോണ്‍ പറക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇതിന് 15 മിനിറ്റ് മുന്‍പ് പൊലീസ് ആസ്ഥാനത്തിന് മുകളിലും അജ്ഞാത ഡ്രോണ്‍ പറന്നതായി സ്ഥിരീകരിച്ചു. സംഭവം ഗൗരവമായി അന്വേഷിക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷന്‍ ഉഡാന്‍ എന്ന പേരില്‍ വ്യോമസേനയുടേയും ഐ.എസ്.ആര്‍.ഒയുടെയും സഹായത്തോടെ അന്വേഷണം നടത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചത് 9. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ സ്വയം വിരമിക്കലിനുള്ള അപേക്ഷ നല്‍കിയാല്‍ സര്‍ക്കാരിന് തടയാന്‍ ആകില്ലെന്ന് ജേക്കബ് തോമസ്. വി.ആര്‍.എസിന് അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ സ്വയം വിരമിച്ചതായി കണക്കാക്കുന്നു. ചാലക്കുടിയില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറില്ല എന്നും വ്യക്തമാക്കി. ജേക്കബ് തോമസ് നിലപാട് വ്യക്തമാക്കിയത് മൂന്ന് മാസത്തെ നോട്ടീസ് പിരീഡില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം ചോദിച്ച സാഹചര്യത്തില്‍ 10. ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കാന്‍ ജേക്കബ് തോമസ് സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയത് കഴിഞ്ഞ ആഴ്ച്ച. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെ ഇനിയും ജോലി ചെയ്യണമെന്ന് നിര്‍ബന്ധിക്കാന്‍ ആവില്ല. ഐ.എ.സ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ സ്വയം വിരമിക്കാന്‍ തീരുമാനിച്ചാല്‍ നിര്‍ബന്ധിച്ച് പിടിച്ചു നിര്‍ത്തേണ്ടത് ഇല്ല എന്നാണ് 2017ലെ കേന്ദ്രനയം. വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടി എന്നും ജേക്കബ് തോമസിന്റെ പ്രതികരണം. 11. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ തുടക്കം കുറിക്കാന്‍ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച മൂന്ന് സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പര്യടനം നടത്തും. ജമ്മുകാശ്മീര്‍, ഉത്തരാഖണ്ഡ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആണ് മോദിയുടെ പര്യടനം. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബഹുജന റാലി നടത്തി ബി.ജെ.പി സ്വാധീനം തിരിച്ചു പിടിക്കാന്‍ ആണ് മോദിയുടെ ശ്രമം 12. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് പരിപാടിയിലും മോദി പങ്കെടുക്കും. 2014-ല്‍ ജമ്മു- പൂഞ്ച് ലോക്സഭാ മണ്ഡലത്തില്‍ രണ്ടരലക്ഷം വോട്ടിന് വിജയിച്ച ബി.ജെ.പി എം.പി ജഗുല്‍ കിഷോര്‍ ശര്‍മ്മയുടെ സീറ്റ് വീണ്ടും ഉറപ്പിക്കാന്‍ ആണ് മോദി നേരിട്ട് ജമ്മുവില്‍ എത്തുന്നത്. ജമ്മുവിലെ അഖ്നൂറില്‍ ആണ് മോദി റാലി നയിക്കുക. ഏപ്രില്‍ രണ്ടാംവാരം കത്വവയില്‍ മോദി റാലി നയിക്കും
|