കൊല്ലം: അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം ഇടുമെന്ന് മോദി നൽകിയ വാഗ്ദാനം പോലെ ഉഡായിപ്പാണ് കോൺഗ്രസിന്റെ വാഗ്ദാനമെന്ന് മന്ത്രി ടി.എം.തോമസ് ഐസക് കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അപ്രായോഗിക വാഗ്ദനങ്ങൾ നൽകി പാവങ്ങളെ വഞ്ചിക്കരുത്. കൃഷിക്കാർക്കായി പ്രഖ്യാപിച്ച 6000 രൂപയുടെ സാമ്പത്തിക സഹായം പോലും നടപ്പാക്കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല കേന്ദ്ര സർക്കാർ. ഇതുപോലെ ഒന്നല്ല കോൺഗ്രസ് വിഭാവനം ചെയ്യുന്ന പദ്ധതിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം രാഹുൽ ഗാന്ധിക്കുണ്ട്. നിലവിലുള്ള പദ്ധതികൾ റദ്ദാക്കാതെ ഇതു നടപ്പാക്കണമെങ്കിൽ 5.3 ലക്ഷം കോടി രൂപ പ്രത്യേകമായി കണ്ടെത്തേണ്ടി വരും. വാഗ്ദാനം ചെയ്തിരിക്കുന്ന 72000 രൂപയുടെ സ്രോതസ് വെളിപ്പെടുത്തണം. പദ്ധതിയെക്കുറിച്ച് രാഹുൽഗാന്ധി ചർച്ച നടത്തിയ ഫ്രാൻസിലെ തോമസ് പിക്കറ്റിയെ പോലെയുള്ള സാമ്പത്തിക വിദഗ്ദ്ധർ സമ്പരിൽ നിന്ന് വലിയ നികുതി ഈടാക്കി ദരിദ്രർക്ക് കൈമാറണമെന്ന് വാദിക്കുന്നവരാണ്. ദാരിദ്ര്യ നിർമ്മാർജനത്തിൽ കേരളം തിരഞ്ഞെടുത്ത പദ്ധതിയാണ് അഭികാമ്യം. അദ്ദേഹം പറഞ്ഞു.