raj

 നോട്ട് അസാധുവാക്കലിന്റെ അനന്തരഫലം സർക്കാർ പരിശോധിക്കണം

ന്യൂഡൽഹി: ഇന്ത്യ ഏഴ് ശതമാനം ജി.ഡി.പി വളർച്ച നേടുന്നുവെന്ന കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട് സംശയകരമാണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജൻ പറഞ്ഞു. സാമ്പത്തിക വിഗഗ്ദ്ധരുടെ പ്രത്യേക സമിതിയെ നിയോഗിച്ച്, ഇക്കാര്യത്തിൽ വ്യക്തതയും വിശ്വാസ്യതയും വരുത്തണമെന്നും അദ്ദേഹം ഒരു ദേശീയ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യയുടെ മുന്നേറ്റത്തിന് രണ്ടു കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ അനിവാര്യമാണെന്ന്, താൻ രചിച്ച 'ദ തേർഡ് പില്ലർ" എന്ന പുസ്‌തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ സൃഷ്‌ടിക്കുകയാണ് ഒന്ന്. സാമ്പത്തിക, രാഷ്‌ട്രീയ, സൈനിക രംഗത്ത് ചൈനയ്‌ക്കുള്ള ശക്തമായ പ്രതിരോധ സംവിധാനം ശക്തമായൊരു ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ ഉദാഹരണമാണ്. മികച്ച സാമ്പത്തിക വളർച്ചയാണ് രണ്ടാമത്തെ ഘടകം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം ഇന്ത്യയുടെ സമ്പദ്‌വളർച്ചയായിരിക്കണം.

വർഷങ്ങളായി തൊഴിലില്ലായ്‌മ എന്ന വലിയ പ്രശ്‌നം ഇന്ത്യ നേരിടുന്നു. ഒരു സർക്കാരും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ല. റെയിൽവേയിലെ 90,000 ഒഴിവുകളിലേക്ക് രണ്ടരക്കോടിപ്പേർ അപേക്ഷിച്ചത് ഇതിന്റെ ബാക്കിപത്രമാണ്. തൊഴിലില്ലായ്‌മ സംബന്ധിച്ച് ഇ.പി.എഫ്.ഒ ഏറെക്കാലമായി കണക്കുകൾ പുറത്തുവിടുന്നുണ്ടെങ്കിലും വിശ്വാസ്യതയില്ല. കണക്കുകൾ കൂടുതൽ സുതാര്യമാകണം. നോട്ട് അസാധുവാക്കൽ ഗുണമായോ ദോഷം ചെയ്‌തോ എന്നത് സംബന്ധിച്ച് സ്വയം പരിശോധനയ്ക്ക് സർക്കാർ തയ്യാറാകണമെന്നും രാജൻ പറഞ്ഞു.

ആ ₹72,000, ഏറ്റവും

പാവപ്പെട്ടവർക്ക് മതി

രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 'ന്യായ്" പദ്ധതിയുടെ ഗുണഭോക്താക്കൾ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർ ആയിരിക്കണമെന്ന് രഘുറാം രാജൻ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ ഏറിയാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 72,000 രൂപ പ്രതിവർഷം നൽകുന്ന പദ്ധതിയാണിത്. രഘുറാം രാജൻ ഉൾപ്പെടെയുള്ള വിദഗ്ദ്ധരുമായി ചർച്ച ചെയ്‌തളശേഷമാണ് രാഹുൽ ഗാന്ധി ഈ വാഗ്‌ദാനം നടത്തിയത്.