jaya-prada
jaya prada

ന്യൂഡൽഹി: നടിയും മുൻ എം.പിയുമായ ജയപ്രദ ബി.ജെ.പിയിൽ ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ ഉത്തർപ്രദേശിലെ രാംപുർ മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി അസം ഖാനെതിരെ മത്സരിക്കും.

ബി.ജെ.പിയിൽ ചേർന്നതു ജീവിതത്തിലെ നിർണായക നിമിഷമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴിൽ പ്രവർത്തിക്കാൻ കഴിയുന്നത് അഭിമാനമാണെന്നും ജയപ്രദ പറഞ്ഞു.

1994–ൽ എൻ.ടി. രാമറാവുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തിലേക്ക് വരുന്നത്. പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്

സമാജ്‌വാദി പാർട്ടിയിൽ‌ ചേർന്നു. രണ്ടു തവണ പാർട്ടി ടിക്കറ്റിൽ എം.പിയുമായി. എന്നാൽ മുലായം സിംഗ് യാദവുമായി പിണങ്ങി എസ്.പി വിട്ടു.

അസം ഖാനിൽ നിന്നുള്ള പീഡനത്തെ തുടർ‌ന്നാണ് പാർട്ടി വിട്ടതെന്ന് ജയപ്രദ കഴിഞ്ഞ മാസം മുംബയിലെ

ഒരു ചടങ്ങിൽ പറഞ്ഞിരുന്നു. എസ്.പിയിൽ നിന്നു രാജിവച്ചശേഷം അമർ സിംഗുമായി ചേർന്ന് ജയപ്രദ രൂപീകരിച്ച രാഷ്ട്രീയ ലോക് മഞ്ച് പാർട്ടി 2014 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അജിത് സിംഗിന്റെ ആർ.എൽ.ഡിയിൽ ലയിച്ചിരുന്നു.