കൽപ്പറ്റ: കോഴിക്കോട് - ബെംഗളൂരു ദേശീയപാതയിൽ കൽപ്പറ്റയ്ക്കടുത്ത് മാരുതി ആൾട്ടോ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളായ താനാളൂർ ഉരുളിയത്ത് അബ്ദുൽ കഹാർ(28), തിരൂർ പൊന്മുണ്ടം പന്നിക്കോറ സുഫിയാൻ (24),താനാളൂർ തോട്ടുമ്മൽ സാബിർ (29) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 7.45 ഓടെ പഴയ വൈത്തിരിയിലായിരുന്നു സംഭവം. പരിക്കേറ്റ പൊൻമുണ്ടം ഷമീം (25) കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. സുഹൃത്തുള്ളായ ഇവർ ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് പോകും വഴി പഴയ വൈത്തിരി പൂക്കോടൻ ഹൗസിന് തൊട്ട് മുന്നിൽ വച്ചായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂവരും അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ടുപോയി.