തന്റെ പണം ഉപയോഗിച്ച് ജെറ്ര് എയർവേസിനെ രക്ഷിക്കൂ എന്നും മല്യ
ന്യൂഡൽഹി: എൻ.ഡി.എ സർക്കാരിന്റെ കീഴിൽ പൊതുമേഖലാ ബാങ്കുകൾ നടപ്പാക്കുന്ന ഇരട്ടത്താപ്പ് നയത്തിന്റെ തെളിവാണ് ജെറ്ര് എയർവേസിന് രക്ഷാപാക്കേജ് അനുവദിക്കാനുള്ള നീക്കമെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യ പറഞ്ഞു. തന്റെ വിമാനക്കമ്പനിയായ കിംഗ്‌ഫിഷർ എയർലൈൻസിനെ 'നിഷ്‌കരുണം തകർത്ത" ബാങ്കുകളാണ് ജെറ്ര് എയർവേസിന് രക്ഷാപാക്കേജ് നൽകുന്നതെന്ന് അദ്ദേഹം ട്വിറ്രറിൽ വിമർശിച്ചു.
8,200 കോടിയോളം രൂപയുടെ കടക്കണിയിലായ ജെറ്ര് എയർവേസിന്റെ നിയന്ത്രണം കഴിഞ്ഞദിവസം എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കിംഗ് കൺസോർഷ്യം ഏറ്റെടുത്തിരുന്നു. പിന്നാലെ, ജെറ്ര് എയർവേസ് ചെയർമാൻ നരേഷ് ഗോയലും ഡയറക്‌ടറായ പത്‌നി അനിതാ ഗോയലും രാജിവയ്‌ക്കുകയും ചെയ്‌തു. കമ്പനിക്ക് അടിയന്തര സഹായമായി 1,500 കോടി രൂപയാണ് ബാങ്കുകൾ നൽകുന്നത്. ഇതിനെതിരെയാണ് മല്യയുടെ വിമർശനം.
എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് കിംഗ്ഫിഷർ എയർലൈൻസിന് വേണ്ടി വിജയ് മല്യ 7,800 കോടി രൂപ വായ്‌പയെടുത്തിരുന്നു. എന്നാൽ, കണക്കെണിയിൽപ്പെട്ടതോടെ 2012ൽ കിംഗ്‌ഫിഷർ പ്രവർത്തനം നിറുത്തി. തുടർന്ന്, ലണ്ടനിലേക്ക് മുങ്ങിയ മല്യ, പലിശയടക്കം ബാങ്കുകൾക്ക് തിരിച്ചടയ്‌ക്കാനുള്ളത് 9,000 കോടിയോളം രൂപയാണ്. മല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നത് സംബന്ധിച്ച കേസ് ലണ്ടനിൽ നടക്കുകയാണ്.
''ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായിരുന്നു കിംഗ്ഫിഷർ. മികച്ച ജീവനക്കാരും കമ്പനിക്കുണ്ടായിരുന്നു. ജെറ്ര് എയർവേസിന് ബാങ്കുകൾ നൽകിയ പരിഗണന, അന്ന് കിംഗ്‌ഫിഷറിനും കിട്ടിയിരുന്നെങ്കിൽ കമ്പനി ഇന്നും പ്രവർത്തിക്കുമായിരുന്നു. കിംഗ്‌ഫിഷറിനെ രക്ഷിക്കാനും ജീവനക്കാരെ സുരക്ഷിതരാക്കാനും 4,000 കോടി രൂപ ഞാൻ കമ്പനിയിൽ നിക്ഷേപച്ചിരുന്നു. എന്നാൽ, അത് മുഖവിലയ്ക്കെടുക്കാതെ ബാങ്കുകൾ കിംഗ്‌ഫിഷറിനെ തകർക്കുകയായിരുന്നു", മല്യ പറഞ്ഞു.
ബാങ്കുകൾക്ക് നൽകാനുള്ള 9,000 കോടി രൂപയിൽ 4,400 കോടി രൂപ കർണാടക ഹൈക്കോടതിയിൽ കെട്ടിവയ്‌ക്കാമെന്നും കേസ് തീർപ്പാക്കണമെന്നും മല്യ ആവശ്യപ്പെട്ടിരുന്നു. ഇത് ബാങ്കുകൾ അംഗീകരിച്ചിട്ടില്ല. മുഴുവൻ വായ്‌പാത്തുകയും പലിശസഹിതം തിരിച്ചുവേണമെന്നാണ് ബാങ്കുകളുടെ നിലപാട്. കോടതിയിൽ കെട്ടിവയ്‌ക്കുന്ന 4,400 കോടി രൂപ, ജെറ്ര് എയർവേസിനെ രക്ഷിക്കാൻ ഉപയോഗിച്ചു കൂടേയെന്നും മല്യ ചോദിച്ചു.
ജെറ്ര്: ഓഹരി വില്‌പന
അടുത്തമാസം
ബാങ്കുകൾ ഏറ്റെടുത്ത ജെറ്ര് എയർവേസിന്റെ 50.1 ശതമാനം ഓഹരികൾ വിറ്റഴിക്കാനുള്ള നടപടി ഏപ്രിൽ 9ന് ആരംഭിക്കും. ഏപ്രിൽ 30ന് ബിഡ്ഡിംഗ് ക്ളോസ് ചെയ്യും. ജൂണോടു കൂടി നടപടികൾ പൂർത്തിയാക്കും. ഇത്തിഹാദ് എയർലൈൻസ്, ടാറ്റ ഗ്രൂപ്പ്, ഖത്തർ എയർവേസ് എന്നിവയാണ് ഓഹരി ഏറ്റെടുത്തേക്ക് കരുതുന്ന കമ്പനികൾ. നിലവിൽ ജെറ്രിന്റെ 24 ശതമാനം ഓഹരികൾ എത്തിഹാദിന്റെ പക്കലുണ്ട്. വിസ്‌താര, എയർഏഷ്യ ഇന്ത്യ എന്നീ വിമാനക്കമ്പനികളുടെ സഹ ഉടമസ്ഥരായ ടാറ്റയ്ക്ക് ജെറ്രിൽ നേരത്തേ തന്നെ കണ്ണുണ്ട്. വിദേശ കമ്പനികൾക്ക് ഇന്ത്യൻ വിമാനക്കമ്പനികളിൽ 49 ശതമാനത്തിലധികം ഓഹരികൾ കൈവശം വയ്‌ക്കാനാവില്ല. അതിനാൽ, ടാറ്റ തന്നെ ജെറ്രിനെ വാങ്ങിയേക്കുമെന്നാണ് വിലയിരുത്തലുകൾ.
മൂല്യത്തിൽ മുന്നേറ്റം
നിയന്ത്രണം ബാങ്കുകൾ ഏറ്റെടുത്തതോടെ ഓഹരി വിപണിയിൽ വൻ മുന്നേറ്റമാണ് ജെറ്ര് എയർവേസ് ഓഹരികൾ നടത്തുന്നത്. മൂന്നു ദിവസത്തിനിടെ മൂല്യം 27 ശതമാനം കുതിച്ചു. ഇന്നലെ മാത്രം മൂല്യം 9.6 ശതമാനം വർദ്ധിച്ച് 279 രൂപയിലെത്തി.