theresa-may
THERESA MAY

ലണ്ടൻ: പ്രധാനമന്ത്രി തെരേസ മേയ്‌ക്ക് തിരിച്ചടി നൽകി ബ്രെക്സിറ്റ് കരാറിന്റെ തുടർനടപടികളുടെ നിയന്ത്രണം ബ്രിട്ടീഷ് പാർലമെന്റ് ഏറ്റെടുത്തു. ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് പാ‌ലമെന്റിന്റെ അജണ്ടയുടെ നിയന്ത്രണം ഗവൺമെന്റിന് നഷ്ടപ്പെടുന്നത്.

ഇതോടെ തെരേസ മേയ്‌ക്ക് പ്രധാനമന്ത്രി പദം നഷ്ടമായേക്കുമെന്ന് സൂചനയുണ്ട്. പതിനൊന്ന് മന്ത്രിമാർ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതായി ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിന്മാറുന്നതിനുള്ള ഉപാധികൾ അടങ്ങിയ മേയുടെ കരാറിന് ബദൽ പദ്ധതികൾ കൊണ്ടുവരാൻ ഭരണകക്ഷിയായ

കൺസർവേറ്റിവ് പാർട്ടി എം. പിയായ ഒലിവർ ലെറ്റ്‌വിൻ പ്രതിപക്ഷ ലേബർ പാർട്ടി എം. പി ഹിലാരി ബെന്നിന്റെ പിന്തുണയോടെ കൊണ്ടുവന്ന ഭേദഗതി 302 നെതിരെ 329 വോട്ടിന് പാസാക്കുകയായിരുന്നു. ഗവൺമെന്റ് ഭേദഗതിയെ എതിർത്തെങ്കിലും പാർട്ടി നിലപാട് ധിക്കരിച്ച് 30 ഭരണകക്ഷി എം. പിമാർ ലേബർ പാർട്ടിക്കൊപ്പം അനുകൂലിച്ച് വോട്ട് ചെയ്‌തു. ഭേഗതിയെ അനുകൂലിച്ച് മൂന്ന് മന്ത്രിമാർ രാജിവച്ചതും മേയ്‌ക്ക് തിരിച്ചടിയായി.

ഭേദഗതി പാസായതോടെ ബ്രെക്‌സിറ്റ് കരാറിന് ബദൽ പദ്ധതികൾ പാർലമെന്റ് വോട്ടിനിടും. യൂറോപ്യൻ യൂണിയനുമായി വ്യാപാര സഖ്യം തുടരുക, ഒരൊറ്റ സ്വതന്ത്ര വ്യാപാര വിപണിക്കായി കൂടിയാലോചന നടത്തുക, രണ്ടാം ഹിതപരിശോധന നടത്തുക തുടങ്ങിയവയാണ് പരിഗണനയിലുള്ള ബദലുകൾ.

മേയുടെ ബ്രെക്‌സിറ്റ് കരാർ നേരത്തേ രണ്ട് തവണ പാർലമെന്റ് വോട്ട് ചെയ്‌ത് പരാജയപ്പെടുത്തിയിരുന്നു.

2016 ൽ ഹിതപരിശോധന കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടിട്ടും കരാറിൽ അനിശ്ചിത്വമാണ്. കരാറുണ്ടാകുമോ, കരാറില്ലാതെ പിരിയേണ്ടി വരുമോ, ജനഹിതം നടക്കാതിരിക്കുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരമില്ല.

അതിനിടെ ബ്രെക്സിറ്റിനെതിരെ ലേബർ പാർട്ടി എം.പി മാർഗരറ്റ് ബെക്കറ്റ് കൊണ്ടുവന്ന ഭേദഗതിയെ 311 നെതിരെ 314 വോട്ടിന്റെ നേരിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയത് സർക്കാരിന് ആശ്വാസമായി.