akhilesh-yadav
akhilesh yadav

ലഖ്നൗ: ഉത്തർപ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യത്തിൽ ജൻവാദി പാർട്ടി, നിഷാദ് പാർട്ടി എന്നീ കക്ഷികൾ കൂടി ചേർന്നു. ലക്‌നൗവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അഖിലേഷ് യാദവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

യു.പിയിലെ പിന്നാക്ക സമുദായങ്ങൾക്കിടയിൽ രണ്ടു പാർട്ടികൾക്കും ശക്തമായ സ്വാധീനമുണ്ട്.

സഖ്യത്തിന്റെ ഭാഗമായതിൽ രണ്ടു പാർട്ടികളെയും അഭിനന്ദിക്കുന്നുവെന്ന് അഖിലേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്.പിയും ബിഎസ്.പിയും അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളും അടങ്ങുന്ന സഖ്യത്തിന്റെ രണ്ടുകക്ഷികൾ കൂടി ചേർന്നതോടെ സഖ്യത്തിലെ പാർട്ടികളുടെ എണ്ണം അഞ്ചായി.

ചെറുപാർട്ടികളാണെങ്കിലും കിഴക്കൻ യു.പിയിലെ ഒട്ടേറെ മണ്ഡലങ്ങളിൽ ജയപരാജയം നിർണയിക്കാൻ സാധിക്കുന്നവരാണ് ഇരുപാർട്ടികളും.

സഞ്ജയ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുളള ജൻവാദി പാർട്ടിക്ക് ചൗഹാൻ സമുദായത്തിനിടയിൽ നല്ല സ്വാധീനമുണ്ട്. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഈ സമുദായക്കാർ കൂടുതലായുള്ളത് കിഴക്കൻ യു.പിയിലാണ്

ഗോരഖ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് നിർണായക പങ്ക് വഹിച്ച പാർട്ടിയാണ് നിഷാദ്. ബി.ജെ.പിയെ ഗോരഖ്പൂരിൽ പരാജയപ്പെടുത്തിയ പ്രവീൺ കുമാർ നിഷാദ്, നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദിന്റെ മകനാണ്.