കൊച്ചി: തിങ്കളാഴ്‌ച നേരിട്ട കനത്ത നഷ്‌ടത്തിൽ നിന്ന് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ മികച്ച നേട്ടത്തിലേക്ക് ഉയിർത്തെണീറ്റു. സെൻസെക്‌സ് 424 പോയിന്റുയർന്ന് 38,233ലും നിഫ്‌റ്റി 129 പോയിന്റ് കുതിച്ച് 11,483ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. തിങ്കളാഴ്‌ച സെൻസെക്‌സ് 355 പോയിന്റും നിഫ്‌റ്രി 102 പോയിന്റും ഇടിഞ്ഞിരുന്നു. തിങ്കളാഴ്‌ച കൊഴിഞ്ഞുപോയ 1.20 ലക്ഷം കോടി രൂപയുടെ മൂല്യവും ഇന്നലെ സെൻസെക്‌സ് തിരിച്ചുപിടിച്ചു.
അമേരിക്കയുടെ സമ്പദ്‌സ്ഥിതി വഷളാകുന്നുവെന്ന സൂചനകളാണ് തിങ്കളാഴ്‌ച ഇന്ത്യൻ ഓഹരികളെയും വലച്ചത്. എന്നാൽ, അമേരിക്കൻ ബോണ്ടുകുടെ യീൽഡ് (റിട്ടേൺ) രണ്ടുദിവസത്തെ നഷ്‌ടത്തിനുശേഷം ഇന്നലെ തിരിച്ചുകയറിയത് ഓഹരികൾക്ക് ആവേശമായി. റിലയൻസ് ഇൻഡസ്‌ട്രീസ്, ജെറ്ര് എയർവേസ്, എൻ.ടി.പി.സി., എസ്.ബി.ഐ., ബജാജ് ഫിനാൻസ്, വേദാന്ത, ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികൾ. ഡോളറിനെതിരെ രൂപ, എട്ട് പൈസ ഉയർന്ന് 68.86ലും വ്യാപാരം പൂർത്തിയാക്കി.