nirmalaseetharaman

തിരുവനന്തപുരം: ലോകത്ത് രാജ്യത്തിന്റെയും ഇന്ത്യക്കാരുടെയും അന്തസും ആത്മാഭിമാനവും ഉയർത്തിയ ഭരണം കാഴ്ചവച്ച മോദിയെ പ്രതിപക്ഷത്തിന് കളിയാക്കാനേ കഴിയൂ എന്നും അനുകരിക്കാനാവില്ലെന്നും പ്രതിരോധമന്ത്രി നിർമ്മലാസീതാരാമൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കാനും അപഹസിക്കാനും വ്യഗ്രത കാട്ടുന്ന പ്രതിപക്ഷത്തിന്റെ താത്പര്യത്തിന് പിന്നിൽ പൊതുമുതൽ കൊള്ളയടിക്കാനുള്ള അത്യാഗ്രഹം മാത്രമാണ്. തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എൻ.ഡി.എ സർക്കാർ 2014ൽ അധികാരമേറ്റെടുക്കുമ്പോഴുള്ള സ്ഥിതിയും ഇപ്പോഴത്തെ സ്ഥിതിയും നോക്കിയാൽ പ്രധാനമന്ത്രി മോദിയുടെ ഭരണനേട്ടം സുവ്യക്തമാണ്. അന്ന് രാജ്യത്തിന് സുരക്ഷയുണ്ടായിരുന്നില്ല. മുംബയിൽ ഭീകരാക്രമണമുണ്ടായപ്പോൾ പ്രതികരിക്കാനായില്ല. അന്ന് സൈനികർക്ക് തോക്കുണ്ടായിരുന്നെങ്കിലും അതിലിടാൻ ഉണ്ടയുണ്ടായിരുന്നില്ല. അന്നത്തെ സാമ്പാർ പരിപ്പിന്റെ വിലയും ഇന്നത്തെ വിലയും നോക്കിയാൽ മതി.വിലക്കയറ്റം നിയന്ത്രിക്കാനും സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനും സർക്കാരിനായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അഴിമതിയായിരുന്നു മുഖ്യവിഷയമെങ്കിൽ ഇന്ന് അഴിമതിയെ കുറിച്ച് ആരും സംസാരിക്കുന്നില്ല.

മോദി അടിക്കടി വിദേശത്ത് പോയപ്പോൾ പരിഹസിച്ചവരാണ് പ്രതിപക്ഷം. എന്നാൽ പുൽവാമയിൽ ഭീകരാക്രമണമുണ്ടായപ്പോൾ ഭീകരരെ അയച്ച പാകിസ്ഥാനിലെ കേന്ദ്രമാണ് ഇന്ത്യ തകർത്തത്. അതിനെ ലോകരാജ്യങ്ങൾ മുഴുവൻ ഒറ്റക്കെട്ടായി പിന്തുണച്ചത് മോദിയുടെ വിദേശരാജ്യങ്ങളിലെ സന്ദർശനങ്ങളുടെ നേട്ടമാണ്. ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്ന മലയാളികൾക്ക് അന്തസോടെ ആ നാടുകളിൽ പോകാനും പണിയെടുക്കാനും ഇന്ന് കഴിയുന്നതും മോദിയുടെ വിദേശസന്ദർശനങ്ങളുടെ നേട്ടമാണ്. സംസ്ഥാനങ്ങളിൽ ആര് ഭരിക്കുന്നുവെന്ന് നോക്കിയല്ല മോദിസർക്കാർ സഹായങ്ങൾ ചെയ്തത്. കേന്ദ്രാവഗണന ഒരു സംസ്ഥാനത്തുമുണ്ടായില്ല. പുറ്റിങ്ങൽ വെടിക്കെട്ടപകടമുണ്ടായപ്പോൾ ഡോക്ടർമാരുടെ സംഘവുമായി ഓടിയെത്താനും ഓഖി ചുഴലിക്കാറ്റുണ്ടായപ്പോൾ സഹായവാഗ്ദാനവുമായി കേന്ദ്രസർക്കാർ എത്തിയതും രാഷ്ട്രീയം നോക്കിയല്ല. അഞ്ച് വർഷത്തെ ഭരണ കാലയളവിൽ മോദിസർക്കാർ തുടങ്ങിവച്ച വികസനപദ്ധതികൾ പൂർത്തിയാക്കാനും അതിന്റെ ഗുണഫലങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനും മോദിയെ ഒരിക്കൽ കൂടി അധികാരത്തിലെത്തിക്കണം.

ആദ്യം ഇംഗ്ളീഷിലും പിന്നീട് തമിഴിലും സംസാരിച്ച് ജനത്തെ ആവേശം കൊള്ളിച്ചാണ് നിർമ്മലാസീതാരാമൻ വേദിവിട്ടത്.

പുത്തരിക്കണ്ടത്തെ ഇ.കെ. നായനാർ പാർക്കിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ എം.എൽ.എ, ബി.ജെ.പി നേതാക്കളായ പി.കെ.കൃഷ്ണദാസ്, ജി.മാധവൻ നായർ, എസ് സുരേഷ്, അയ്യപ്പൻ പിള്ള, ടി.പി.സെൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.സന്ദീപ് കേന്ദ്രമന്ത്രിയുടെ ഇംഗ്ളീഷ് പ്രസംഗം മൊഴിമാറ്റി.