അഞ്ചാലുംമൂട്: എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവും പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ കണ്ടച്ചിറ രമണികത്തിൽ ജെ.എസ്. ഡിൻഷ (48) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 3.30നായിരുന്നു അന്ത്യം. വീട്ടിൽ ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം. എൻ. സദാശിവന്റെയും പരേതയായ രമണിയുടെയും മകനാണ്. താന്നിക്കമുക്ക് രമണി ഗ്ലാസ് ആൻഡ് പ്ളൈവുഡ്, കുണ്ടറ ഭരത് ഗ്ലാസ് ഹൗസ് എന്നി സ്ഥാപനങ്ങളുടെ ഉടമയാണ്. ഗ്ലാസ് ആൻഡ് പ്ലൈവുഡ് മേഖലയിൽ ഹോൾ സെയിൽ ഡീലറായിരുന്നു ഡിൻഷ.
പനയം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ, എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ മുൻ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, റോട്ടറി ക്ലബ് മുൻ മേഖല അസിസ്റ്റന്റ് ഗവർണർ, കൊല്ലം ആർ.ഡി.സിയുടെ മുൻ കൺവീനർ, കണ്ടച്ചിറ എസ്.എൻ.ഡി.പി ശാഖാ യു.പി സ്കൂൾ മാനേജർ, സംയോജന ഗ്രന്ഥശാല രക്ഷാധികാരി, നീരാവിൽ എസ്.എൻ.ഡി.പി.വൈ.എച്ച്.എസ്.എസ് ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഡാലിയ. മക്കൾ: ഷാലിക ഡിൻഷ, ഭരത് ഡിൻഷ. മരുമകൻ: സുമിത്ത്. സഹോദരങ്ങൾ സന്ധ്യ (ദുബായ്), രാജീവ്, സന്തോഷ്. മൃതദേഹം രാവിലെ 9.30ന് കുണ്ടറ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് എസ്.എൻ.ഡി.പി യൂണിയൻ, യൂത്ത്മൂവ്മെന്റ് പ്രവർത്തകർ വിലാപയാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് 4ന് വീട്ടുവളപ്പിൽ സംസ്കരിക്കും