ramya-haridas

ആലത്തൂർ: ആലത്തുർ ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ വിമർശിച്ചു കൊണ്ടുള്ള ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ ഒരുപാട് പേർ രംഗത്ത് വന്നിരുന്നു. രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം.പി ആവും എന്ന വോട്ടഭ്യർഥനാ പരസ്യത്തിലെ തെറ്റും ദീപാ നിശാന്ത് തന്റെ കുറിപ്പിൽ ചൂണ്ടി കാണിച്ചിരുന്നു.

എന്നാൽ ദീപയുടെ ഫേസ്ബുക്ക് കുറിപ്പിനെതിരെ കോൺഗ്രസ് പ്രവർത്തകരും രൂക്ഷമായി വിമർശിച്ചിരുന്നു. കവിത മോഷണവും ക്ഷമാപണവും തുടങ്ങി വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആളാണ് ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ വിമർശിക്കുന്ന തരത്തിലുള്ള ട്രോളുകളും വന്നിരുന്നു. ഇപ്പോൾ ദീപ നിശാന്തിന്റ പോസ്റ്റിന് മറുപടിയായി ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് രംഗത്തെത്തിയിരിക്കുകയാണ്.

താൻ ഒരു ദളിത് കുടുംബത്തിൽ ജനിച്ച ഒരു ആളാണ്. വലിയ പണം ചെലവഴിച്ചല്ല പാട്ട് പഠിച്ചത്. എന്നിലുണ്ടായിരുന്ന ഒരു കഴിവിനെ ഒരു പാട് കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഇപ്പോൾ പാടുന്ന തരത്തിക്ക് മാറ്റിയത്. അരി വാങ്ങാന്‍ പോലും കാശില്ലാത്ത കാലത്ത് തന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മക്ക് ഒരു രൂപ പോലും കൊടുക്കാൻ സാധിച്ചിട്ടില്ലെന്നും രമ്യ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഞാൻ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്. ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്. പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ഒരു ആയുധമാണ്. എന്റെ സമീപനം ഒരു ആയുധമാണ്. ആ ആയുധങ്ങൾ എന്ന് പറയുന്നത് വലിയ പോരാട്ടത്തിന് നേതൃത്വം നൽകുമ്പോൾ പല തരത്തിലാണ് ആളുകൾ സ്വീകരിക്കുക.

ഞാൻ ഒരു ദളിത് കുടുംബത്തിൽജനിച്ച ഒരു ആളാണ്. വലിയ പണം ചെലവഴിച്ചല്ല ഞാൻ പാട്ട് പഠിച്ചത്. എന്നിലുണ്ടായിരുന്ന ഒരു കഴിവിനെ ഒരു പാട് കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഇപ്പോൾ പാടുന്ന തരത്തിക്ക് മാറ്റിയത്. അരി വാങ്ങാൻ പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മക്ക് ഒരു രൂപ പോലും കൊടുക്കാൻ സാധിച്ചിട്ടില്ല. മാഷൊന്നും കാശ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.

പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. കഴിവിനെ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് ആലത്തൂരിലെ ജനങ്ങൾ എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ മനസ്സിൽ ഞാൻ ഇടം നേടിയിട്ടുണ്ട്. ആ ഇടം ഒന്നും ഇല്ലാതാക്കാൻ ആര് വിളിച്ചാലും കഴിയില്ല.