അമേതി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അമേതിയിൽ കോൺഗ്രസ് നേതാവ് മത്സരിക്കുന്നു. 1991 ൽ രാജീവ് ഗാന്ധിയെയും 1998ൽ സോണിയാ ഗാന്ധിയെയും പിന്തുണച്ച് നാമനിർദേശ പത്രികയിൽ ഒപ്പുവച്ച ഹാജി സുൽത്താൻ ഖാൻ എന്ന പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മകൻ ഹാജി ഹാരൂൺ റഷീദാണ് രാഹുലിനെതിരെ മത്സരിക്കാനൊരുങ്ങുന്നത്.
കോൺഗ്രസ് തങ്ങളെ അകറ്റി നിറുത്തുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നാണ് ഹാരൂണിന്റെ പരാതി. മണ്ഡലത്തിൽ 6.5 ലക്ഷം വരുന്ന മുസ്ലിം സമുദായത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. പ്രദേശത്തിന്റെ വികസനത്തിനു വേണ്ടി കോൺഗ്രസ് ചെറുവിരൽ അനക്കുന്നില്ലെന്നും ഹാരൂൺ പറയുന്നു.
മണ്ഡലത്തിൽ ബി.ജെ.പി സ്മൃതി ഇറാനിയെ സ്ഥാനാർത്ഥിയായി നിറുത്തി അമേതി കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഹാരൂണിന്റെ കൂടി വരവ് കോൺഗ്രസിന് തലവേദനയാണ്. ഹാരൂണിന്റെ പിതാവ് ഹാജി സുൽത്താൻ ഖാൻ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും പ്രചാരണനത്തിന് ഉപയോഗിക്കുന്നുണ്ട്.
പതിറ്റാണ്ടുകളായി നെഹ്റു കുടുംബത്തിൽ നിന്നുളളവരാണ് അമേതിയിൽ മത്സരിക്കുന്നത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ അമേതിയിൽ നിന്നാണ് ലോക്സഭയിൽ എത്തിയത്.