തിരുവനന്തപുരം: ഭർത്താവിന്റെ കുത്തേറ്റ് ഭാര്യയ്ക്ക് ദാരുണ അന്ത്യം. ഗുരുതരമായി പരിക്കേറ്റ ഭാര്യയുടെ മാതാപിതാക്കൾ ചികിത്സയിൽ. കൊലപാതകം കണ്ട് നിലവിളിച്ച് വീട്ടിനുള്ളിൽ കയറി വാതിൽ അടച്ചതിനാൽ 13വയസുള്ള മകൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരുവനന്തപുരം വട്ടിയൂർക്കാവ് മേലത്തുമേലെ ടി.സി 10/ 1308(1)ൽ എം.എം.ആർ.എ 41ൽ കൃഷ്ണഭവനിൽ രജനികൃഷ്ണയാണ് (40 ശാരിക) ഭർത്താവ് മലയിൻകീഴ് മേപ്പൂക്കട പഴയറോഡ് ശ്രീസദനത്തിൽ ശ്രീകുമാറിന്റെ (45) കുത്തേറ്റ് മരിച്ചത്. മകളെ കുത്തുന്നത് തടയുന്നതിനിടെ പരിക്കേറ്റ അച്ഛൻ കൃഷ്ണണൻ നായർ (72) അമ്മ രമാദേവി (68) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമണത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശ്രീകുമാറിനെ നാട്ടുകാർ പിടികൂടി വട്ടിയൂർക്കാവ് പൊലീസിൽ ഏൽപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നുണ്ടായ അടിപിടിയാണ് കത്തിക്കുത്തിലും കൊലയിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പതിനഞ്ചുവർഷം മുൻപാണ് രജനികൃഷ്ണയെ ശ്രീകുമാർ വിവാഹം കഴിച്ചത്. നേരത്തെ വിദേശത്തായിരുന്ന ശ്രീകുമാർ. മടങ്ങിയെത്തിയ ഇയാൾ കുടുംബപ്രശ്‌നങ്ങൾ കാരണം ഭാര്യയിൽ നിന്നും മക്കളിൽ നിന്നും അകന്നുകഴിയുകയായിരുന്നു. മദ്യപിക്കുന്നത്തിന് പുറമെ മറ്റു ലഹരി വസ്തുക്കൾക്കും അടിമയായി ഇയാൾ മലയിന്കീഴിന് സമീപത്തെ വീട്ടിലാണ് താമസം.
ഇന്ന് മേലത്തുമേലെ എത്തിയ ഇയാൾ വീടിന്റെ മുറ്റത്തു നിൽക്കുകയായിരുന്ന രജനികൃഷ്ണയുമായി വഴക്കുണ്ടാക്കുകയും കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഇവരുടെ കഴുത്തിന് കുത്തുകയും ചെയ്തതായി സമീപവാസികൾ പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തി ശ്രീകുമാറിനെ തടയാൻ ശ്രമിച്ച രജനികൃഷ്ണയുടെ പിതാവ് കൃഷ്ണൻ നായർക്കും ഭാര്യ രമാദേവിക്കും കുത്തേറ്റു. ഓടിയെത്തിയ നാട്ടുകാർ മൂവരെയും ഉടൻ തന്നെ പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴുത്തിൽ ആഴത്തിൽ മാരകമായി കുത്തേറ്റ രജനികൃഷ്ണയെ രക്ഷിക്കാൻ കഴിഞ്ഞില്ല. കൃഷ്ണൻ നായരെയും ഭാര്യ രമാദേവിയെയും വിദഗ്ദധ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിനു ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിച്ച ശ്രീകുമാറിനെ നാട്ടുകാർ തടഞ്ഞുവച്ചു. കത്തിയുമായി നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ ഏറെനേരത്തെ പരിശ്രമത്തിന് ശേഷം കീഴ്‌പ്പെടുത്തി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വട്ടിയൂർക്കാവ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. വട്ടിയൂർക്കാവ് പൊലീസ് സബ് ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ചോദ്യംചെയ്തു വരുന്നു.
സംഭവത്തിൽ കൃഷ്ണൻ നായർക്ക് നെഞ്ചിനുതാഴെയും പിൻവശത്തും ഗുരുതരമായി കുത്തേറ്റു. തോളിലും മുഖത്തുമാണ് രമാദേവിക്ക് പരിക്ക്. ഇരുവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആഴത്തിൽ മാരകമായി കുത്തേറ്റ കൃഷ്ണൻ നായരെ അടിയന്തിര ശസ്ത്രക്രീയക്കായി ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച രജനികൃഷ്ണയുടെ മൃതദേഹം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്കായി രാത്രിയോടെ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.പേയാട് പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായിരുന്നു രജനികൃഷ്ണ.
കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനിലെ പ്ലസ് ഒൺ വിദ്യാർത്ഥി മിഥുൻ, എട്ടാം ക്ലാസ് വിദ്യാർത്ഥിനി മിഥുല എന്നിവരാണ് മക്കൾ.
2018വരെ സി.പി.എം മേലത്തുമേലെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു കൃഷ്ണൻ നായർ. നിലവിൽ പാർട്ടിയുടെ മേലത്തുമേലെ ബ്രാഞ്ച് അംഗമാണ്.