-demonetisation

ന്യൂഡൽഹി: നോട്ട് നിരോധനസമയത്ത് അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾക്ക് പകരം പുതിയ 2000 രൂപയുടെ കറൻസി നൽകി ബി.ജെ.പിയുടെ നേതൃത്വത്തിൽ വൻ അഴിമതി നടന്നതായി പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ പഴയനോട്ട് മാറ്റുന്നതിന് 40 ശതമാനം കമ്മിഷൻ ആവശ്യപ്പെടുന്നതിന്റെയും പുതിയ 2000 രൂപ നോട്ടിന്റെ വലിയ ശേഖരം സൂക്ഷിച്ചതിന്റെയും വീഡിയോ ദൃശ്യങ്ങൾ പ്രതിപക്ഷ നേതാക്കൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

ബി.ജെ.പി ഓഫീസിലെയും ഫാംഹൗസിലെയും ഒളികാമറ ദൃശ്യങ്ങളെന്ന് അവകാശപ്പെട്ട് ഒരു സ്വകാര്യ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച വീഡിയോയാണ് നേതാക്കൾ പ്രദർശിപ്പിച്ചത്. ബി.ജെ.പി തങ്ങളുടെ പാർട്ടിക്ക് ലാഭമുണ്ടാക്കാനാണ് നോട്ട് അസാധുവാക്കിയതെന്നും രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ആരോപിച്ചു.


രാജ്യത്തെ വ്യവസായമേഖലയ്ക്ക് നോട്ട് നിരോധനം മൂലം വൻ നഷ്ടം അനുഭവിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കളായ മല്ലികാർജുന ഖാർഗെ, അഹമ്മദ് പട്ടേൽ, ലോക് താന്ത്രിക് ജനതാ ദൾ നേതാവ് ശരത് യാദവ്, ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ദ് സോറൻ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.