abhinandan

ന്യൂഡൽഹി: അതിർത്തി കടന്നെത്തിയ പാക് യുദ്ധ വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലാവുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത വിംഗ് കമാൻഡർ അഭിനന്ദൻ തന്റെ സൈനിക വ്യൂഹം സ്ഥിതി ചെയ്യുന്ന ശ്രീനഗറിലേക്ക് തിരിച്ചെത്തുന്നു. ചികിത്സ അവധിയിൽ തുടരുന്നതിനിടെയാണ് അഭിനന്ദൻ ശ്രിനഗറിലേക്ക് തിരിച്ചെത്തുന്നതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ചികിത്സ പൂർത്തിയാക്കിയ അഭിനന്ദനോട് നാല് ആഴ്ചത്തെ വിശ്രമ അവധിയിൽ പോകാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ ശ്രീനഗറിലേക്ക് തിരിച്ചു പോകാൻ അഭിനന്ദൻ തീരുമാനിക്കുകയായിരുന്നെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്ഥാൻ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകർന്ന് അഭിനന്ദൻ പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുൻപെ പാകിസ്ഥാന്റെ എഫ്16 വിമാനം അഭിനന്ദൻ വെടിവെച്ച് വീഴ്ത്തിയിരുന്നു. തുടർന്ന് ആ രാജ്യത്തെ സൈന്യത്തിന്റെ പിടിയിലായെ അഭിനന്ദനെ പിന്നീട് പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറുകയായിരുന്നു. ലഹോറിൽ പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടാണ് പാക് സൈന്യം അഭിനന്ദനെ കൈമാറിയത്. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംഗ് കമാൻഡർ സ്വീകരിക്കാൻ വാഗാ അതിർത്തിയിലെത്തിയിരുന്നു. അഭിനന്ദന്റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തിയിരുന്നു.