ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം തടയാൻ ഇടതുപാർട്ടികൾ സമ്മർദ്ദം ശക്തമാക്കി. യു.പി.എയിലെ മറ്റ് പാർട്ടികളെ ഉപയോഗിച്ചാണ് ഇടതുപാർട്ടികൾ സമ്മർദ്ദ തന്ത്രം ഒരുക്കുന്നത്. രാഹുൽ കേരളത്തിൽ മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പിന്മാറണമെന്നും ആവശ്യപ്പെട്ട് യു.പി.എയിലെ മറ്റ് പാർട്ടികളുടെ നേതാക്കളെ ഉപയോഗിച്ച് ഇടതുപാർട്ടികൾ രാഹുലിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ബി.ജെ.പിയെ പുറത്താക്കി മതേതര ബദൽ സർക്കാർ രൂപീകരിക്കാൻ ഒപ്പമുള്ള ഇടതുപാർട്ടികളെ പിണക്കേണ്ടെന്നാണ് രാഹുൽ ഗാന്ധിയുടെയും നിലപാട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ തീരുമാനം പതിയെ മതിയെന്നാണ് രാഹുലിന്റെ നിലപാട്. ഇടതുപാർട്ടികൾ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡും വ്യക്തമാക്കിയിട്ടുണ്ട്.
വൈകാൻ കാരണം മോദിയും
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്ന് കൂടി മത്സരിക്കുമെന്ന റിപ്പോർട്ടുകളും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വൈകാൻ കാരണമാണെന്നാണ് വിലയിരുത്തൽ. വാരണാസിക്ക് പുറമെ മോദി കർണാടകത്തിൽ നിന്ന് കൂടി മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലെങ്കിലും ഇതേപറ്റിയുള്ള ആലോചനകൾ ബി.ജെ.പി കേന്ദ്രനേതൃത്വം നടത്തുന്നുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ സമ്മതിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ ബി.ജെ.പിക്കുള്ള മേൽക്കൈ ദക്ഷിണേന്ത്യയിൽ ഇല്ലാത്തതും പ്രാദേശിക പാർട്ടികളുടെ സ്വാധീനം വർദ്ധിക്കുന്നതും കണക്കിലെടുക്കുമ്പോൾ മോദി കർണാടകയിൽ മത്സരിക്കുന്നത് നല്ലതാണെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. അടുത്ത ദിവസങ്ങളിൽ തന്നെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. ഇതിന് ശേഷം രാഹുലിന്റെ സ്ഥാനാർത്ഥ്വം പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കമെന്നാണ് വിവരം.
എങ്കിൽ 20 സീറ്റിലും മാറി നിൽക്കാമല്ലോ
അതേസമയം, രാഹുലിന്റെ വരവിനെ ചൊല്ലിയുള്ള ഇടത്- കോൺഗ്രസ് രാഷ്ട്രീയസംവാദം കനക്കുകയാണ്. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ പോരാട്ടം പ്രഖ്യാപിച്ച രാഹുൽ ബി.ജെ.പി ശക്തമല്ലാത്തിടത്ത് വന്ന് മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യമാണ് സംവാദത്തിന് തുടക്കമിട്ടത്. മോദിക്കെതിരായ ശക്തമായ പോരാട്ടമുഖമായ രാഹുലിനെ പിന്തുണയ്ക്കുകയല്ലേ ഇടതുപക്ഷം ചെയ്യേണ്ടതെന്നാണ് കേരളത്തിലെ കോൺഗ്രസ് കേരളനേതാക്കളുടെ മറുചോദ്യം. എങ്കിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ നിന്നും ഇടതുപക്ഷം മാറിനിൽക്കാമല്ലോ എന്നാണ് സി.പി.എമ്മിന്റെ പരിഹാസമറുപടി.
ദേശീയതലത്തിൽ ശക്തമല്ലാത്ത ഇടതുപക്ഷത്തിന് ബി.ജെ.പി വിരുദ്ധ ബദലിന് കാര്യമായ സംഭാവന നൽകാനില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഈ ഘട്ടത്തിൽ ദക്ഷിണേന്ത്യയിലടക്കം ബി.ജെ.പിവിരുദ്ധ മുന്നേറ്റത്തിന് ഒപ്പം നിൽക്കുകയല്ലേ ഇടതുപക്ഷം ചെയ്യേണ്ടത് എന്നാണ് ചോദ്യം. ആ മുന്നേറ്റത്തിന് സഹായകമാകുന്നതാണ് കർണാടകയുടെയും തമിഴ്നാടിന്റെയും അതിർത്തി പങ്കിടുന്ന വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. അതേസമയം, രാഹുലിന്റെ സ്ഥാനാർത്ഥിത്വം ദേശീയ നേതൃത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയതിലും ഹൈക്കമാൻഡിന് അതൃപ്‌തിയുണ്ടെന്നാണ് വിവരം.