priyanka-gandhi

അഹമ്മദാബാദ്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേത് പോലെയുള്ള മൂക്കുണ്ടായാൽ മാത്രം എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയ്‌ക്ക് ഭരണം കിട്ടില്ലെന്ന് കേന്ദ്രമന്ത്രി മാൻസുഖ് മാണ്ഡവ്യ പരിഹസിച്ചു. ഗുജറാത്തിലെ ആനന്ദിൽ ബി.ജെ.പി. വിജയ് സങ്കൽപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തശ്ശിയായ ഇന്ദിരാഗാന്ധിയുടേത് പോലെയുള്ള മൂക്കുണ്ടായാൽ മാത്രം ഭരണം കിട്ടുമെന്ന് ഉറപ്പില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. മുത്തശ്ശിയുടെ മൂക്കുണ്ടായാൽ മാത്രം അധികാരത്തിലേറാമെങ്കിൽ ചൈനയിലെ എല്ലാവീട്ടിൽ നിന്നും പ്രസിഡന്റുമാരുണ്ടാകുമായിരുന്നല്ലോ എന്നും മന്ത്രി പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെയാണ് കൊച്ചുമകൾ പ്രിയങ്കാ ഗാന്ധിയുമെന്ന കോൺഗ്രസ് പ്രചാരണത്തിന് മറുപടി നൽകുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രി വിവാദപരാമർശം നടത്തിയത്. ഇന്ദിരാഗാന്ധിയുടെ മൂക്കാണ് പ്രിയങ്കാ ഗാന്ധിക്കുമെന്നാണ് കോൺഗ്രസുകാർ പറയുന്നതെന്നും എന്നാൽ,​ അതുകൊണ്ടൊന്നും ഭരണംകിട്ടുമെന്ന് ഉറപ്പില്ലെന്നും മാണ്ഡവ്യ പറഞ്ഞു.

കിഴക്കൻ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ജനുവരിയിലാണ് സഹോദരിയായ പ്രിയങ്കയെ രാഹുൽ ഗാന്ധി നിയമിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വാധീനകേന്ദ്രമായ ഗോരഖ്പുരും ഉൾപ്പെടുന്ന മേഖലയാണിത്. ഭാരിച്ച ഉത്തരവാദിത്തമാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിൽ നിർണായക പങ്കുവഹിക്കുന്ന അവരുടെ വേഷവിധാനങ്ങളും മറ്റും നേരത്തെ ചർച്ചയായിരുന്നു.