editors-pick

നല്ല ചൂട് കാപ്പി ആസ്വദിച്ച് കുടിച്ചും ഒപ്പം കറുമുറെ എന്തെങ്കിലും കൊറിച്ചും ആകാശത്തിലെ അത്ഭുത കാഴ്ച്ചകളിലേയ്ക്ക് കണ്ണുംനട്ട്, നിങ്ങൾ വിമാനത്തിന്റെ വിൻഡോ സീറ്റിൽ സുഖിച്ചിരിക്കുകയാണ്. പെട്ടെന്നാണ്, മറ്റൊരു ജംബോ ജെറ്റ് നിങ്ങളുടെ വിമാനത്തെ വിറപ്പിച്ചു കൊണ്ട് തൊട്ടു തൊട്ടില്ലായെന്ന മട്ടിൽ എതിരെ അതിവേഗം പാഞ്ഞു പോയത്. നമ്മുടെ നാട്ടിലെ റോഡുകളിൽ ഇതുപോലെയുളള മത്സരയോട്ടങ്ങൾ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ അനന്ത നീലാകാശത്ത് ഇതുപോലെയൊരു പ്രക്രിയ നടക്കുമെന്ന് നിങ്ങൾക്കറിയാമോ?. നിസാരമെന്ന് കരുതി തളളിക്കളയാൻ വരട്ടെ, വളരെ സങ്കീർണമായൊരു പ്രതിഭാസമാണിത്. പ്രസ്തുത പ്രക്രിയയെ ആണ് 'നിയ‌ർ മിസ് ' അല്ലെങ്കിൽ നല്ല പച്ചമലയാളത്തിൽ പറഞ്ഞാൽ 'തലനാരിഴയ്ക്ക്' എന്ന് പറയുന്നത്. അതായത് വിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടാവുന്ന സ്ഥിതി തലനാരിഴയ്ക്ക് ഒഴിവാകുന്നു എന്ന് വാർത്തകൾ വായിച്ചിട്ടില്ലേ? അത് തന്നെ.

പുറത്ത് നടക്കുന്ന സംഭവവികാസങ്ങൾ ഒന്നുംതന്നെ മിക്കപ്പോഴും വിമാനയാത്രികർ അറിയാറില്ല. അവർ സുരക്ഷിതരായി വീട്ടിൽ എത്തിച്ചേരുന്നു. എന്നാൽ ഇത്തരത്തിലുളള നിയ‌ർ മിസ്സുകൾ ധാരാളമായി ആകാശയാത്രയിൽ സംഭവിക്കാറുണ്ട്. 2018ൽ ഇന്ത്യയിൽ 47 നിയ‌ർ മിസ്സുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. അതായത് വിമാനങ്ങൾ കൂട്ടിയിടിക്കാവുന്ന സന്ദർഭങ്ങൾ തലനാരിഴയ്ക്ക് ഒഴിവായത് 47 തവണയാണ്. ഏറ്റവും കൂടുതൽ ഇത്തരം സന്ദർഭങ്ങൾ ഉണ്ടായതും 2018ലാണ്. മുൻ വർഷത്തേക്കാൾ 68 ശതമാനം കൂടുതലാണിത്. അതുകൊണ്ട് തന്നെ വ്യോമയാന മന്ത്രാലയം, ഡി.ജി.സി.എ, എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ എന്നിവ‌ിടങ്ങളിലെ തലമുതിർന്ന ഉദ്യോഗസ്ഥർ അതീവജാഗ്രതയിലാണ്. വ്യോമഗതാഗതവും എയർപോർട്ടുകളും ഇവയുടെ നിയന്ത്രണത്തിലാണുളളത്. 2016ലാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതൽ നിയർ മിസ്സുകൾ രേഖപ്പെടുത്തിയത്. 32 എണ്ണം. ഓരോ വിമാനത്തിലും ഏകദേശം 150 യാത്രക്കാർ സഞ്ചരിക്കുമെന്നിരിക്കട്ടെ, യാത്രികരെ വഹിക്കാനുളള വിമാനങ്ങളുടെ ശേഷിയും വ്യത്യസ്തമായിരിക്കും. 125 മുതൽ 400 വരെ ആൾക്കാരെ ഉൾക്കൊളളാൻ ശേഷിയുളള വിമാനങ്ങളുണ്ട്. അങ്ങനെ വരുമ്പോൾ ഒരു വർഷം ഏകദേശം 15000 മുതൽ 20000 വരെയാകാം അപകടത്തിൽപ്പെടാമായിരുന്ന യാത്രികരുടെ എണ്ണമെന്ന് ഡി.ജി.സി.എയോട് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രികരിൽ ഭൂരിഭാഗവും കൊല്ലപ്പെടുമെന്നതാണ് വിമാനാപകടത്തിന്റെ ഏറ്റവും ഭീകരമായ പ്രത്യേകത. ഈയടുത്ത് 150 പേരുടെ ജീവനെടുത്ത എത്യോപ്യൻ വിമാനാപകടം അതിനൊരുദാഹരണം മാത്രം.

വിമാനയാത്ര ഇന്നും പലർക്കും പേടിസ്വപ്നം തന്നെയാണ്. എന്നാൽ ഇന്ത്യക്കാർ അത്രകണ്ട് വിമാനയാത്രയെ ഭയപ്പെടേണ്ടതില്ലെന്നാണ് എയർപോർട്ട് അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നത്. എയ‌ർ മിസ്സിന്റെ ആഗോള ശരാശരി 4.43 ആണ്. അതിൽ ഇന്ത്യയിലേത് 1.3 ആണ്.അതിനാൽ, വികസിത രാജ്യങ്ങളിലെ പോലെ തന്നെ ഇന്ത്യയിലും വിമാനയാത്ര സുരക്ഷിതമാണ്. ഇപ്പോഴും എയർ മിസ്സ് എന്താണ് എന്നൊരു സംശയം ചിലരിലെങ്കിലും ബാക്കി നിൽക്കുന്നുണ്ടാകാം. രണ്ട് വിമാനങ്ങൾ തൊട്ടു തൊട്ടില്ലായെന്ന മട്ടിൽ ഒരേസമയത്ത്, പറക്കുകയും തന്മൂലം വിമാനങ്ങളുടെ സുരക്ഷയെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സങ്കീർണ പ്രക്രിയയാണ് എയർ മിസ്സ്. വേഗത്തിന്റെ അടിസ്ഥാനത്തിൽ എതിർ ദിശകളിലേയ്ക്ക് പറക്കുന്ന വിമാനങ്ങളുടെ സുരക്ഷിതമായ ദൂരം നാൽപത് സെക്കന്റാണ്. അതുപോലെ തന്നെ ലംബമാന ദൂരം ആയിരം അടിയാണെങ്കിലും സുരക്ഷിതമാണ്. പക്ഷെ അങ്ങനെയൊരു സുരക്ഷാ മേഖല ഇല്ലായെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇന്ന് ഈ പ്രക്രിയ തടയാനായി ട്രാഫിക് കൊളിഷൻ അവോയ്ഡൻസ് സിസ്റ്റം (ടി.സി.എ.എസ്) എന്ന യന്ത്രം എല്ലാ വിമാനങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് വിമാനങ്ങൾ അടുത്തു വരാനിടയായാൽ ഈ യന്ത്രം ജാഗ്രത നിർദ്ദേശം നൽകും. എന്നാൽ എങ്ങനെയാണിത് പ്രവർത്തിക്കുന്നത് ? ഉയർന്ന ശബ്ദത്തിൽ ഈ ഉപകരണം കോക്പിറ്റിനുളളിൽ നിന്നും 'ഡിസന്റ് ഡിസന്റ്' (താഴോട്ട്,താഴോട്ട്)എന്ന് പൈലറ്റിന് നിർദ്ദേശം നൽകും. അതേ സമയം ഇതേ ഉപകരണം സമീപമെത്തുന്ന വിമാനത്തിൽ നിന്ന് 'അസന്റ്, അസന്റ്' (മേലോട്ട് ,മേലോട്ട്)എന്ന ശബ്ദം പുറപ്പെടുവിക്കും. തന്മൂലം, സെക്കന്റുകൾക്കുളളിൽ രണ്ടു വിമാനങ്ങളും ഗതി മാറി സഞ്ചരിക്കുകയും കൂട്ടിയിടിയുണ്ടാകുന്നത് ഒഴിവാകുകയും ചെയ്യുന്നു. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ളതാണ് ഈ ഉപകരണം. പ്രാഥമിക ഉത്തരവാദിത്വം എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി ) സംവിധാനത്തിനാണ്. പൈലറ്റുകൾക്ക് നിർദ്ദേശം നൽകുകയെന്നതാണ് കൺട്രോളറുകളുടെ പ്രധാന ദൗത്യം. എയർ മിസ്സിനുള്ള സാഹചര്യം സംജാതമായാൽ എ.ടി.സി പൈലറ്റുകൾക്ക് ജാഗ്രത സന്ദേശം നൽകും. എന്നാൽ, ചില സാഹചര്യങ്ങളിൽ പൈലറ്റുമാർ സന്ദേശം അവഗണിക്കുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യാം. തന്മൂലം കൂട്ടിയിടിക്കുള്ള സാദ്ധ്യത വർദ്ധിക്കുന്നു. കൺട്രോളറുകളുടെ അഭാവവും മെച്ചപ്പെട്ട സിസ്റ്റം അപ്ഗ്രേഡിന്റെ അസാന്നിദ്ധ്യവും വലിയൊരു കുറവ് തന്നെയാണ്. ഡൽഹിയിലെ അന്താരാഷ്ട്ര എയർപോർട്ടിൽ സ്ഥാപിച്ചിരിക്കുന്ന എ.ടി.സി ടവറാണ് ഇന്ത്യയിലേയ്ക്കും നീളം കൂടിയത്. എന്നിട്ടും, 2016 മുതൽ ജാഗ്രത നിർദ്ദേശം നൽകുന്നതിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. വരുന്ന ഏപ്രിൽ 11 മുതൽ എ.ടി.സി ടവറിൽ ജാഗ്രതാ പ്രവർത്തനങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് .

ഇപ്പോൾത്തന്നെ കൺട്രോളറുകൾക്ക് ജോലിഭാരം ഏറെ കൂടുതലാണ്. ഒരു രാജ്യത്തെ ഏകദേശം 20 മുതൽ 30 വിമാനങ്ങളെ വരെ കൺട്രോളർമാർക്ക് ഒരേ സമയം നിയന്ത്രിക്കേണ്ടി വരുന്നു. ഇതിന്റെ വാർഷിക ഗതാഗത വളർച്ച 14 ശതമാനമാണ്. ജോലിഭാരം ക്രമാതീതമായി വർദ്ധിച്ചാൽ, അത് കൺട്രോളറുകളുടെ സുഗമമായ പ്രവർത്തനത്തേയും ബാധിക്കും. ജോലിഭാരത്തിന്റെ ആധിക്യം മൂലം, പൈലറ്റുകൾക്ക് നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ തെറ്റിപ്പോയേക്കാം. അത് വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കും. തന്റെ സീറ്റിൽ നിന്ന് കേവലം അഞ്ച് മിനിറ്റ് നേരത്തേയ്ക്ക് മാറിയതിലൂടെയുണ്ടായ പ്രശ്നം ഈയിടെ വാർത്തയായിരുന്നു. നാഗ്പൂരിലാണ് സംഭവം നടന്നത്. എ.ടി.സിയിലെ സീറ്റിൽ നിന്ന് മാറിയ നേരത്ത് പകരം വേറെയാരും തന്നെ അവിടെയുണ്ടായിരുന്നില്ല. മറ്റൊരു സഹപ്രവർത്തകൻ ജാഗ്രതാ നിർദ്ദേശം നൽകിയെങ്കിലും അയാൾ അത് നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട വ്യക്തിയല്ലായിരുന്നു. തന്മൂലം, എയർ മിസ്സ് സംഭവിക്കേണ്ട സാഹചര്യമുണ്ടായിട്ടും തെറ്റായ വിവരമാണ് പൈലറ്റുകൾക്ക് നൽകിയത്. എതിർ ദിശകളിൽ പറന്നുകൊണ്ടിരുന്ന സംഷാബാദ് - റായ്പൂർ വിമാനവും ദുബായ് - സിംഗപ്പൂർ വിമാനവും ടി.സി.എ.എസ് ജാഗ്രതാ നിർദ്ദേശം നൽകിയത് കൊണ്ടുമാത്രം വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. സമാനമായ സംഭവങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. എന്നാൽ, ഇതോർത്ത് ഒരുപാട് ഭയപ്പെടേണ്ടതില്ലെന്ന് പറയുമ്പോൾ ആകാശ സുരക്ഷയെക്കുറിച്ച് യാതൊരു ഊഹവുമില്ലാത്ത ഉദ്യോഗസ്ഥന്മാരെ എങ്ങനെ വിശ്വസിക്കാമെന്നാണ് വിദഗ്ദ്ധന്മാരുടെ സംശയം. കൂടാതെ സുരക്ഷ ഉറപ്പുവരുത്താനാണെങ്കിൽ എന്തുകൊണ്ട് അവർ എയർ മിസ്സുകളെ കുറിച്ചുളള വിവരങ്ങൾ പുറത്തു വിടാതെ മറച്ച് വയ്ക്കുന്നു?....