bjp

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കീഴിയുള്ള സ്ഥാപനത്തിൽ ഉന്നത പദവിയിൽ ജോലി വാഗ്‌ദ്ധാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി പി.മുരളീധർ റാവുവിനെതിരെ ഹൈദരാബാദ് പൊലീസ് ക്രിമിനൽ കേസ് രജിസ്‌റ്റർ ചെയ്‌തു. കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട രേഖ കാട്ടിയാണ് മുരളീധർ റാവു തങ്ങളിൽ നിന്ന് പണം തട്ടിയെന്നും പരാതിക്കാർ ആരോപിക്കുന്നു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്നുമാണ് മുരളീധർ റാവുവിന്റെ പക്ഷം. കേരളത്തിന്റെ ചുമതലയുള്ള നേതാവാണ് മുരളീധർ റാവു.

കേന്ദ്രസർക്കാരിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ എക്സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ചെയർമാൻ പദവി വാഗ്‌ദ്ധാനം ചെയ്‌ത് തങ്ങളിൽ നിന്ന് 2.17 കോടി തട്ടിയെടുത്തതായി ആരോപിച്ച് ഹൈദരാബാദ് സ്വദേശികളായ ടി.പ്രവർണ റെഡ്ഡി, ഭാര്യ മഹിപാൽ റെഡ്ഡി എന്നിവരാണ് പൊലീസിനെ സമീപിച്ചത്. തുടർന്ന് വിവിധ വകുപ്പുകൾ ചുമത്തി മുരളീധർ റാവു അടക്കമുള്ള എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. മുരളീധർ റാവുവിന്റെ അടുത്ത അനുയായിയായ കൃഷ്‌ണ കിഷോറിനെ തനിക്ക് നേരിട്ടറിയാമെന്ന് അവകാശപ്പെട്ട് 2015ലാണ് ഈശ്വർ റെഡ്ഡിയെന്ന മാദ്ധ്യമ പ്രവർത്തകൻ തങ്ങളെ സമീപിക്കുന്നതെന്ന് പരാതിക്കാർ പറയുന്നു. കേന്ദ്രസർക്കാരിന് കീഴിലുള്ള ഉന്നത പദവികളിൽ ആളെ നിയമിക്കുന്നതിൽ കൃഷ്‌ണക്ക് ഇടപെടാൻ കഴിയുമെന്ന് അവർ തങ്ങളെ വിശ്വാസിപ്പിച്ചു. കേന്ദ്രത്തിന് കീഴിലുള്ള ഉന്നത പദവി ലഭിക്കുന്നതിന് എത്ര പണം വേണമെങ്കിലും മുടക്കാൻ തങ്ങൾ തയ്യാറുമായിരുന്നു. തുടർന്ന് സംഘം തങ്ങളെ നിർമലാ സീതാരാമന്റെ കയ്യൊപ്പുള്ള രേഖ കാട്ടി വിശ്വാസം നേടിയെടുത്തു. ഫാർമസ്യൂട്ടിക്കൽ എക്സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ചെയർമാൻ തനിക്ക് നൽകാമെന്ന് വാഗ്‌ദ്ധാനം ചെയ്‌തു. ഇതിന് വേണ്ടി 2.17 കോടി സംഘത്തിന് നൽകി. എന്നാൽ ഇത്രയും നാളായിട്ടും നിയമനം നടന്നില്ലെന്നും സംഘം വഞ്ചിച്ചെന്നുമാണ് പരാതി.

അതേസമയം, പരാതിക്കാരി മൂന്ന് വർഷം മുമ്പ് തന്നെ വിളിച്ചിരുന്നുവെന്നും ജോലി വാഗ്‌ദ്ധാനം ചെയ്‌ത് ചിലർ സമീപിച്ചതായി പറഞ്ഞിരുന്നതായും മുരളീധർ റാവു പ്രതികരിച്ചു. എന്ന് തന്നെ അവരോട് പൊലീസിനോട് പരാതിപ്പെടാൻ പറഞ്ഞിരുന്നതാണ്. എന്നാൽ അന്ന് അവർ പരാതിപ്പെടാൻ തയ്യാറായില്ല. ആരോപണ വിധേയരിൽ ചിലർ പണ്ട് തനിക്കൊപ്പം ജോലി ചെയ്‌തിരുന്നു. എന്നാൽ ഈ കേസിൽ തനിക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തതെന്നും അന്വേഷണം നടത്തുമെന്നും ഹൈദരാബാദാ സരൂർനഗർ പൊലീസ് ഇൻസ്‌പെക്‌ടർ ഇ.ശ്രീനിവാസ റെഡ്ഡി പറഞ്ഞു.