kannur

കണ്ണൂ‌ർ: കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതികളും തടവുകാരും സുഖജീവിതം നയിക്കുന്നതായി റിപ്പോർട്ട്. ജയിലിൽ ഫേസ്ബുക്കിൽ ചാറ്റ് ചെയ്തും ഫോൺവിളിച്ചുമാണ് കുറ്റവാളികളുടെ സുഖജീവിതം. അഞ്ഞൂറിലധികം മൊബൈൽ ഫോണുകളാണ് ജയിലിൽ സൂക്ഷിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഇതിന് തെളിവായി കൊലക്കേസിൽ ജീവപര്യന്തം തടവനുഭവിക്കുന്ന ഭർത്താവ് തുടർച്ചയായി വിളിക്കാറുണ്ടെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. ഭർത്താവ് നിരന്തരം വിളിച്ച് ലഹരിമരുന്നെത്തിക്കാൻ നിർബന്ധിച്ചതോടെ ഭാര്യ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. 2004ൽ ഇടുക്കി അടിമാലിയിലെ വാളറവെള്ളച്ചാട്ടത്തിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലാണ് ഇവരുടെ ഭർത്താവ് മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടത്.

ജയിലിൽ കഴിയുന്ന മറ്റൊരു കൊലക്കേസ് പ്രതി സബിന്റെ ഫോൺ ഉപയോഗിച്ചാണ് വിളിക്കുന്നതെന്നാണ് ഭാര്യ പറയുന്നത്. ഇതുകൂടാതെ ഫേസ്ബുക്കിലും മെസഞ്ചറിലും ചാറ്റ് ചെയ്യാറുണ്ടെന്നും ഒരു സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നു.