k-surendran

പത്തനംതിട്ട: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പത്തനംതിട്ടയിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. ജില്ലയിലെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കവെയാണ് സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി ഒരുപാട് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. തോറ്റിട്ടുമുണ്ട്. കഴിഞ്ഞതവണ വെറും 82 വോട്ടിനാണ് താൻ പരാജയപ്പെട്ടത്. എന്നാൽ അന്ന് അത്മാഭിമാനത്തിന്റെ പ്രശ്‌നം ഉണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയല്ല. ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌‌നമായി ഉയർന്നു വന്നിരിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

രണ്ട് മഹാദുരന്തങ്ങളിൽ മുറിവേറ്റ പത്തനംതിട്ടക്കാരുടെ പ്രതിനിധിയായിട്ടാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ശുചിമുറിയും സ്‌കൂളും ഉദ്ഘാടനം ചെയ്യാൻ മാത്രമല്ല എം.പിയും എം.എൽ.എയും ജനങ്ങൾക്കു മുന്നിൽ എത്തേണ്ടത്. പ്രതിസന്ധി നേരിടുമ്പോൾ അവർക്കാെപ്പം നിൽക്കണം. പ്രളയത്തിന്റെ കെടുതിയിൽ പത്തനംതിട്ടക്കാർ ശ്വാസം മുട്ടിക്കഴിഞ്ഞപ്പോൾ എം.പിയെ കണ്ടില്ല. വീടു തകർന്നവർക്ക് ആയിരം വീടുകൾ നിർമിച്ചു കൊടുക്കുമെന്ന് കെ.പി.സി.സി പ്രഖ്യാപിച്ചു. ഒരെണ്ണമെങ്കിലും പ്രഖ്യാപിച്ചോ. ഒന്നും അവകാശപ്പെടാതെ സംഘപരിവാർ സംഘടനയായ സേവാഭാരതി 657 വീടുകൾ നിർമ്മിച്ചു കൊടുത്തു.

ശബരിമല വിഷയത്തിൽ മനസ് നീറിപ്പുകഞ്ഞ് മർദ്ദനവും പീഡനവുമേറ്റ് വിശ്വാസികൾ എങ്ങോട്ടെന്നില്ലാതെ ഉഴറി ഓടുമ്പോൾ ആ വഴിക്കെങ്ങാനും ഇവിടുത്തെ എം.പിയെ കണ്ടിരുന്നോ. എൻ.ഡി.എ പ്രതിനിധാനം ചെയ്യുന്നത് അടിച്ചമർത്തപ്പെട്ടവന്റെയും പരിഹസിക്കപ്പെട്ടവന്റെയും മനസുകളെയാണ്. വിശ്വാസ സംരക്ഷണത്തിന് സമരം നടത്തിയതിന് ഭരണകൂട ഭീകരത നേരിട്ടവരെയാണ്. ഭരണകൂടത്തിന് തിരിച്ചടി നൽകുന്നതായിരിക്കും തിരഞ്ഞെടുപ്പെന്ന് സുരേന്ദ്രൻ പറഞ്ഞു