ന്യൂഡൽഹി: ആഘോഷപരിപാടിയിൽ നിന്നും രണ്ട് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി മതംമാറ്റിയതിന് പിന്നാലെ പാകിസ്ഥാനിൽ സമാനമായ പരാതി. പാകിസ്ഥാനിലെ ഗോക്‌തിയിൽ നിന്നും ചൊവ്വാഴ്‌ച മറ്റൊരു ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട്പോയെന്നാണ് പരാതി. 16കാരിയുടെ പിതാവാണ് ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ നാല് പേർ തങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്നും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയെന്നുമാണ് പരാതി.
അതേസമയം, ഒരു യുവാവുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി സ്വന്തം ഇഷ്‌ടപ്രകാരം ഒളിച്ചോടിയതെന്നാണ് നാട്ടുകാർ പറയുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതി വ്യാജമാണെന്നും നാട്ടുകാർ പറയുന്നു. എന്നാൽ വിഷയത്തിൽ ഇടപെട്ട സിന്ദ് പ്രവിശ്യയിലെ ന്യൂനപക്ഷ വകുപ്പ് മന്ത്രി ഹരി റാം കിശോറി സംഭവത്തിൽ ശക്തമായ നടപടിയെടുക്കണമെന്ന് പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ട സംരക്ഷണം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച മന്ത്രി എല്ലാ സഹായവും വാഗ്‌ദ്ധാനം ചെയ്‌തു.
അതിനിടെ കഴിഞ്ഞ ദിവസം രണ്ട് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി മതംമാറ്റിയ സംഭവത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്തിയ ഇടപെടലുകൾക്ക് പിന്നാലെയാണ് പാകിസ്ഥാൻ നടപടിയെടുത്തത്.വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിലേക്കും വഴിവച്ചിരുന്നു.