vt-balram

തിരുവനന്തപുരം: പാർലമെന്റിലെ എം.പിമാരുടെ പെർഫോമൻസ് വിലയിരുത്തുന്നതിനായി അവർ പങ്കെടുത്ത ചർച്ചകളുടെ എണ്ണം മാനദണ്ഡമാക്കുന്നത് ഉചിതമല്ലെന്ന വാദവുമായി വി.ടി ബൽറാം എം.എൽ.എ രംഗത്ത്. കുറച്ച് അംഗങ്ങൾ മാത്രമുള്ള പാർട്ടിയിലെ അംഗങ്ങൾക്ക് കൂടുതൽ ഡിബേറ്റുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കാറുണ്ടെന്നും നിയമസഭയിലെ തന്റെ അനുഭവം വച്ചാണ് ഇക്കാര്യം പറയുന്നതെന്നും ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പ്രതികരണം.

കേരള നിയമസഭയിൽ സാധാരണ ഗതിയിൽ ഒരു വിഷയത്തെക്കുറിച്ചുള്ള ചർച്ച 3 മണിക്കൂറാണ്. അംഗങ്ങളുടെ എണ്ണമനുസരിച്ച് കോൺഗ്രസ് പാർട്ടിക്ക് 28 മിനിറ്റാണ് ലഭിക്കാറുള്ളത്. 8-10 മിനിറ്റ് വച്ച് അത് മൂന്ന് പേർക്കായി വീതിക്കുകയാണ് കോൺഗ്രസിന്റെ പതിവ്. എന്നാൽ എല്ലാ ദിവസവും 1 മിനിറ്റ് ഏക ബി.ജെ.പി എം.എൽ.എയായ ഒ.രാജഗോപാലിന് ലഭിക്കും. പി.സി ജോർജിനും അങ്ങനെത്തന്നെ. അവരുടെ സീനിയോറിറ്റിയും അൽപ്പം മിടുക്കും ഉപയോഗിച്ച് അവർ ആ ഒരു മിനിറ്റിനെ 3-4 മിനിറ്റാക്കി നീട്ടി പ്രസംഗിക്കും.

അതായത് കോൺഗ്രസിലെ അംഗത്തിന് ഊഴം വച്ച് ആഴ്ചയിലൊരിക്കലോ മറ്റോ അവസരം കിട്ടുമ്പോൾ മേൽപ്പറഞ്ഞവർക്ക് ദിവസവും ഡിബേറ്റിൽ പങ്കെടുക്കാനവസരം ലഭിക്കുന്നുണ്ട്. പാർലമെൻറിലും ഏതാണ്ട് ഇങ്ങനെത്തന്നെയാണെന്നാണ് എന്റെ ഊഹം. അതുകൊണ്ടുതന്നെ ഡിബേറ്റുകളുടെ എണ്ണം മാത്രം വച്ച് അംഗങ്ങളുടെ പാർലമെന്ററി മികവ് വിലയിരുത്തുന്നത് നീതിപൂർവ്വകമാകണമെന്നില്ല- ബൽറാം വ്യക്തമാക്കി.