ashitha

അരുവിക്ക് മേലെ വീശുന്ന തണുത്തകാറ്റിന് പൊട്ടുതൊട്ട മുഖമായിരുന്നു അത്. അഷിത. ഗുരു നിത്യചൈതന്യ യതി പകർന്ന ആത്മീയചൈതന്യം പ്രകാശപൂരിതമാക്കിയ കണ്ണുകൾ, ഭൂമിയോളം താഴുന്ന വാക്കുകൾ.... സ്‌നേഹവും സൗമ്യതയും മുഖത്തോടുമുഖം നോക്കിയിരുന്നാൽ രണ്ടിനുമിടയിൽ നിന്ന് ഉയർന്നുവരുന്നൊരു തണുപ്പുണ്ട് . ആ തണുപ്പിനും പേര് അഷിതയെന്നാണ്.

ഒരിക്കൽ മാത്രമേ നേരിൽക്കണ്ടുള്ളൂ. ഒരു ചടങ്ങിൽ, എന്നത്തെയും പോലെ ചുറ്റിലും സ്നേഹം മാത്രം പ്രസരിപ്പിച്ച് ... ആ കാഴ്‌ചയ്‌ക്ക് ശേഷമാണ് ഫേസ് ബുക്ക് ചങ്ങാതിയായ ആ അമ്മയോട് ചാറ്റിലൂടെ 'അമ്മയുടെ നമ്പർ തരാമോ?' എന്ന് ചോദിച്ചത്. 'എന്റെ നമ്പർ എനിക്കറിയില്ല, ഞാനെന്നെ വിളിക്കാറില്ലല്ലോ'. ഒരു പത്രലേഖകന്റെ പേര് പറഞ്ഞിട്ട് അദ്ദേഹത്തോടു ചോദിക്കൂ എന്നും പറഞ്ഞു.

അവസാനത്തെ എഴുത്ത് കേരളകൗമുദിക്ക് വേണ്ടിയായിരുന്നു. സുജാത ടീച്ചർ വിടവാങ്ങിയപ്പോൾ. നേർത്ത ശബ്‌ദത്തിൽ തണുപ്പുള്ള വാക്കുകൾ ഫോണിലൂടെ കേട്ടുകേട്ട് ഞാനത് പകർത്തിയെടുത്തു.

ആ ഓർമ്മകൾ ഇങ്ങനെയാണ് തുടങ്ങിയത്. :

സു​ജാത ടീ​ച്ചർ പ​റ​യു​മാ​യി​രു​ന്നു. - '​'ഈ ദേ​ഹം വി​ട്ടി​റ​ങ്ങു​മ്പോൾ ഞാൻ ഏ​റ്റ​വും ഒ​ടു​വിൽ യാ​ത്ര ചോ​ദി​ക്കുക കു​ട്ടി​യോ​ടാ​യി​രി​ക്കും. " എ​ന്ന്. ടീ​ച്ചർ പോ​കാ​നൊ​രു​ങ്ങു​ന്ന​ത് എ​ത്ര​യോ അ​ക​ലെ​യി​രു​ന്നും ഞാ​ന​റി​ഞ്ഞു, പ​ക്ഷേ യാ​ത്ര പ​റ​യാൻ ഒ​രു ത​രി ഓർ​മ്മ പോ​ലും ടീ​ച്ച​റിൽ അ​വ​ശേ​ഷി​ച്ചി​രു​ന്നി​ല്ല.
....​അ​തും ന​ന്നാ​യി. പ​ത്ത് നാൽ​പ്പ​ത് വർ​ഷം പ​ഴ​ക്ക​മു​ള്ള ബ​ന്ധ​മാ​ണ്. പ​ഴയ ത​റ​വാ​ടു​ക​ളി​ലെ ഇ​രു​ണ്ട ഇ​ട​നാ​ഴി പോ​ലെ ഇ​രു​ട്ട് നി​റ​ഞ്ഞ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ ഞാൻ ന​ട​ന്നു പോ​ന്നി​ട്ടു​ണ്ട്. ആ ഇ​രു​ണ്ട ഇ​ട​നാ​ഴി​യി​ലേ​ക്കാ​ണ് സു​ജാത ടീ​ച്ചർ വാ​തിൽ ത​ള്ളി​ത്തു​റ​ന്ന് ക​ട​ന്നു​വ​ന്ന​ത് " കണ്ണീരുറഞ്ഞ വാക്കുകളാൽ അഷിത പറഞ്ഞു.

വി​വ​ശ​വും നി​സ​ഹാ​യ​വു​മാ​യി​രു​ന്ന തന്റെ കൗമാരത്തെക്കുറിച്ചോർത്ത നാളുകളിലൊന്നിൽ അഷിത ബാ​ല​ച​ന്ദ്രൻ ചു​ള്ളി​ക്കാ​ടി​നോ​ട് ചോ​ദി​ച്ചു - '' ബാ​ല​ന് വീ​ടു​പേ​ക്ഷി​ച്ച് ഷർ​ട്ടി​ട്ട് ഇ​റ​ങ്ങി​പ്പോ​കാൻ ഒ​രു ലോ​ക​മു​ണ്ടാ​യി​രു​ന്നു, ബോ​ധംകെ​ടും​വ​രെ മ​ദ്യ​പി​ക്കാൻ സ്വാ​ത​ന്ത്ര്യ​വും. അ​തേ​ കാ​ല​ഘ​ട്ട​ത്തിൽ ജീ​വി​ച്ച ഒരു പെൺ​കു​ട്ടി എ​വി​ടേ​ക്ക് പോ​കാൻ, എ​ന്തു ചെ​യ്യാൻ ? " - ആ വരികളിലുണ്ട്, അഷിതയെന്ന സ്നേഹമയിയായ സ്‌ത്രീ, എഴുത്തുകാരി കടന്നുവന്ന വഴികളുടെ നിഴലുകൾ.

അത്രമേൽ ശാന്തമായി, പുഞ്ചിരിയോടെ , ആത്മീയചൈതന്യത്തോടെ ജീവിച്ച്,​ എഴുതി,​ സ്‌നേഹം മാത്രം പ്രസരിപ്പിച്ചു അഷിത. ക്ഷോഭം എന്ന വികാരത്തിന് എന്നും അകലമുണ്ടായിരുന്നു അഷിതയോട്... കടുപ്പമുള്ളതൊന്നും ഇവളിൽ ചേർത്തു വയ്‌ക്കാനാവില്ലെന്നറിഞ്ഞ് ക്ഷോഭം തോറ്റു പോയി അവർക്കു മുന്നിൽ...

കാൻസർ ചികിത്സയ്ക്കിടയിൽ ജൂനിയർ ഓങ്കോളജിസ്റ്റ് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഷിത എഴുതി." ചോദ്യമിതായിരുന്നു : 'അമ്മ, എങ്ങനെ ഇത്രയും സമാധാനത്തോടെയിരിക്കുന്നു.?' മറുപടി -' വീ ആൾ ഡൈ. ഈഫ് നോട്ട് വിത്ത് കാൻസർ,വിത്ത് സംതിങ്ങ് എൽസ്. അതെ, മനുഷ്യൻ മരിക്കും. പരമമായ സത്യം. അത് സ്വീകരിച്ചാൽ പിന്നെ മന:ക്ളേശമില്ല."- അഷിത വിശേഷിപ്പിച്ചതുപോലെ കാൻസറുമായുള ചതുരംഗക്കളി അവസാനിച്ചിരിക്കുന്നു.

പ്രപഞ്ചത്തിൽ സ്‌നേഹത്തിന് വിരാമം എന്നൊന്നില്ല... അഷിതയ്‌ക്കും അർദ്ധ വിരാമമേയുള്ളൂ... ​ അഷിതയെന്ന വിളക്ക് പ്രസരിപ്പിച്ച പ്രകാശം കെട്ടുപോകുന്നില്ലൊരിക്കലും. ഓർമ്മപ്പൂക്കൾ അർപ്പിക്കുന്നു.