ashitha-

ആകാശത്തിന്റെ ഒരു കീറിൽ 'പാരോ 'എന്ന് വിളിച്ച് സ്നേഹമഴയായി എന്റെ ജീവിതത്തിലേക്ക് പെയ്തിറങ്ങിയ ദൈവാംശമുള്ള ശക്തിയാണ് അ

ഷിത . ഞാൻ അഷിതയെ അമ്മ എന്നാണ് വിളിച്ചിരുന്നത്.. എനിക്കാരായിരുന്നു അഷിത? ഞാൻ ഏറ്റവും സനേഹിച്ചിരുന്ന എഴുത്തുകാരി. കാലം എന്നെ കൊണ്ട് അഷിതയെ അമ്മ എന്ന് വിളിപ്പിക്കും എന്ന് ഞാൻ സ്വപ്നത്തിൽ വിചാരിച്ചിരുന്നില്ല. അഷിതയുടെ എഴുത്താണ് എനിക്ക് വഴി കാണിച്ചിരുന്നത്. വിമർശനങ്ങൾ നേരിടേണ്ടി വരുമ്പോൾ ഞാൻ 'ഒരു സ്ത്രീയും പറയാത്തത് ' എന്ന അഷിതയുടെ കഥ പുസ്തകമില്ലാതെ വായിക്കുമായിരുന്നു. ആ വാക്കുകളിലെ സത്യം എനിക്ക് കാവലുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു. അന്ന് എനിക്ക് അഷിതയെ ഈ തരത്തിൽ പരിചയമില്ല.അവർ ശിവേന സഹനർത്തനം എഴുതിയപ്പോൾ എന്റെ വായനയും ആത്മീയതയിലേക്ക് തിരിഞ്ഞു . അവരുടെ വാക്കുകൾ എന്നെ വഴി നടത്തുകയായിരുന്നു.

പ്രമുഖ ചാനലിൽ പ്രോഗ്രാം ചെയ്യുന്ന സമയത്താണ് ഞാൻ അഷിതയെ ആദ്യമായി കാണുന്നത്. ഒരു ഓണക്കാലത്ത് . സാധാരണഗതിയിൽ ആ ഷോയിൽ ഇന്റർവ്യൂ ചെയ്യുന്നത് രണ്ട് പേരാണ്. എന്നാൽ അഷിതയെ ഇന്റർവ്യൂ ചെയ്യാൻ അന്ന് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയോട് ഒരു മണിക്കൂർ ഞാൻ സംസാരിച്ചു. ഇന്റർവ്യൂ കഴിഞ്ഞിട്ടും എനിക്കവരെ മനസിലായില്ല. അവരാരാണ് ? എന്താണിവരുടെ മനസിനെ ഇത്രയും തീവ്രമായി തപിപ്പിക്കുന്നത് എന്ന് ഞാൻ ചിന്തിച്ച് കൊണ്ടേയിരുന്നു.

വെള്ള സാരിയുടുത്ത എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ കാൽ വണങ്ങിയപ്പോൾ കിട്ടിയ ആനന്ദം എനിക്ക് വർണിക്കാൻ വിഷമമാണ് .ആ ആനന്ദത്തിൽ പ്രപഞ്ചം ഒരു സത്യം കണ്ടത് കൊണ്ടാകാം അമ്മ എന്ന് വിളിക്കാൻ സാധിക്കുമാറ് അഷിതയെ എനിക്ക് കിട്ടിയത്. എന്നല്ല അമ്മയ്ക്ക് അമ്മയോട് തന്നെ പറയാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയാൻ ,മനസിലെ കനലുകൾ,ഒന്ന് തണുപ്പിക്കാൻ അമ്മ എന്നെ വിളിക്കാൻ തുടങ്ങി. ആ സമയങ്ങളിൽ രാത്രി 9 മണി അമ്മയ്ക്ക് വേണ്ടിയുള്ളതായിരുന്നു. ആരോടും പറയാത്ത വേദനകളാണ് അമ്മയിൽ കാൻസറായി നിറയുന്നത്. അമ്മയുടെ മനസ്സിലെ തമോഗർത്തങ്ങളിൽ കെടുത്താനാവാത്ത കനലായി നീറുന്ന വേദനകൾ !

ഗുരു നിത്യചൈതന്യ യതിയെ നേരിട്ട് കണ്ടിട്ടില്ല. കണ്ടിട്ടുള്ളത് അമ്മയുടെ കണ്ണുകളിലാണ് .ഗുരു പകർന്ന് നൽകിയ ആത്മീയ പ്രകാശം അമ്മയിലെ ചൈതന്യമായി അറിഞ്ഞിട്ടുണ്ട്. അമ്മയെ അടുത്തറിയണം. ഒരത്ഭുതമാണ്. അതിശയോക്തി പറയുകയല്ല. മൂന്ന് തവണ കാൻസർ ബാധിച്ചു. കീമോതെറാപ്പികൾ നിരന്തരം നൽകപ്പെടുന്ന ഒരു ശരീരമായിരുന്നു അമ്മയുടേത്. തേജസിന് നൽകുന്ന മരുന്നാക്കി അമ്മ അത് മാറ്റി കളഞ്ഞു. അതാണ് അമ്മയിലെ മാജിക്ക്. പറഞ്ഞാൽ തീരില്ല. അത്രയ്ക്കും അത്രയ്ക്കും തീവ്രമായിരുന്നു എനിക്ക് അവരോടുള്ള ബന്ധം. അത് കൊണ്ട് തന്നെ ഞങ്ങളുടെ ഇടയിലുണ്ടായ പിണക്കവും തീവ്രമായിരുന്നു. അമ്മയല്ല പിണങ്ങിയത് എന്ന് എടുത്ത് പറയേണ്ടതില്ല എന്ന് തോന്നുന്നു. പക്ഷേ അമ്മ തീരുമാനിക്കാതെ അമ്മയുടെ ജീവിതത്തിൽ ഒരില പോലും അനങ്ങില്ല. എല്ലാ ബന്ധങ്ങളെയും കഥകളിലെ കഥാപാത്രങ്ങളെ പോലെ കുരുക്കുണ്ടാക്കി കുരുക്കിൽ പെടുത്തും. എന്നിട്ടത് അഴിച്ച് കൊടുക്കും. അമ്മയുടെ ഉള്ളിലെ കാൻസറിനെ പോലും അമ്മ വട്ടം കറക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ചുമ്മാ.. കാൻസറിനെ കൊണ്ടൊരു ഹൈക്കു ചൊല്ലിക്കാൻ. എന്നെ ഏറ്റവുമടുത്തറിയാവുന്ന ചുരുക്കം ചിലരിലൊരാളാണ് അമ്മ. ഞങ്ങൾ തമ്മിൽ ഒരു ബന്ധമുണ്ട്. എനിക്ക് വിശദീകരിക്കാനാവാത്ത "എന്തോ ഒന്ന്". അഷിതയെ അറിയാൻ ശ്രമിക്കുന്നവർ പരാജയപ്പെടുന്നത് പോലെ ആ "എന്തോ ഒന്നിനെ" അറിയാൻ ശ്രമിച്ച് ഞാനും തോറ്റു. അറിയണ്ട അനുഭവിച്ചാൽ മതി. അത് മറ്റൊന്നുമല്ല സ്നേഹമാണ്. അഷിതയെ കുറിച്ച് റോസ് മേരി ഒരിക്കൽ പറഞ്ഞത് മനസിൽ നിറയുന്നു. ഒരു ഗ്രാമത്തിലെ ഏതോ ക്ഷേത്രത്തിന്റെ മുമ്പിൽ തെളിഞ്ഞ് നിൽക്കുന്ന ദീപം പേലെയാണ് അഷിത എന്ന് . ഒരു കാറ്റത്തണയുമെന്ന് തോന്നാം. പക്ഷേ ഒരു ദേശത്തിന് മുഴുവൻ വെളിച്ചമായി ,കാറ്റത്തുലയാതെ ശാന്തമായി തെളിഞ്ഞ് കത്തി കൊണ്ടിരിക്കും ആ ദീപം . ആ വെളിച്ചത്തിന്റെ പാദത്തിൽ ഞാൻ നമസ്ക്കരിക്കുന്നു. എന്റെ ഉള്ളിൽ അത് ഒരിക്കലും അണയില്ല.

(അഭിനേത്രിയും സാമൂഹ്യ പ്രവർത്തകയുമാണ് ലേഖിക)