ന്യൂഡൽഹി: പാകിസ്ഥാനെതിരെ സൈനിക നടപടിയുണ്ടാകുമോ എന്ന് പോലും തോന്നിച്ചിടത്താണ് ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചത്. അമേരിക്ക, റഷ്യ, ചൈന എന്നീ സൂപ്പർ പവർ രാജ്യങ്ങൾക്ക് മാത്രം കൈവശമുണ്ടായിരുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കിയതോടെ പ്രതിരോധ, വികസന രംഗത്ത് ഇന്ത്യ വൻ കുതിച്ചുചാട്ടം നടത്തുമെന്നാണ് മോദി അവകാശപ്പെട്ടത്. എന്നാൽ ലോ എർത്ത് ഓർബിറ്റിൽ ഭൂമിയെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹങ്ങളെ വീഴ്‌ത്തുന്ന ആന്റി സാറ്റലൈറ്റ് മിസൈൽ എന്താണെന്ന് എത്രപേർക്കറിയാം...
ആന്റി സാറ്റലൈറ്റ് മിസൈൽ (asat)
ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് തകർക്കാൻ കഴിയുന്ന രീതിയിലുള്ള മിസൈലുകളാണ് ആന്റി സാറ്റലൈറ്റ് മിസൈലുകൾ. മിസൈലുകളെ തകർക്കാനോ അവയുടെ പ്രവർത്തനം താറുമാറാക്കാനോ കഴിയുന്ന വിധത്തിലാണ് ഇവയുടെ നിർമാണം. കര, വായു, ജലം തുടങ്ങിയ പ്രതലങ്ങളിൽ നിന്ന് മിസൈൽ വിക്ഷേപിക്കാം. 1957ൽ സോവിയറ്റ് യൂണിയൻ ലോകത്തെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചതോടെയാണ് ആന്റി സാറ്റലൈറ്റ് മിസൈലുകളെക്കുറിച്ചുള്ള ഗവേഷണം തുടങ്ങിയത്. 1980കളിൽ തന്നെ അമേരിക്കയും സോവിയറ്റ് യൂണിയനും ആന്റി സാറ്റലൈറ്റ് മിസൈലുകൾ വിജയകരമായി വിക്ഷേപിച്ചു. എന്നാൽ ബഹിരാകാശത്തേക്ക് ആയുധം പ്രയോഗിക്കരുതെന്ന 1967ലെ യു.എൻ ഉടമ്പടിക്ക് വിരുദ്ധമായിരുന്നു ഇത്. പിന്നീട് ഇരുരാജ്യങ്ങളും പരീക്ഷണം നിറുത്തിയെങ്കിലും 2007ൽ ആന്റി സാറ്റലൈറ്റ് മിസൈൽ വിക്ഷേപിച്ച് ചൈന ലോകരാജ്യങ്ങളെ ഞെട്ടിച്ചു. മൂന്ന് പരാജയങ്ങൾക്ക് ശേഷമായിരുന്നു ചൈനയുടെ വിക്ഷേപണ വിജയം.
സൈനിക രംഗത്ത് വൻ കുതിച്ച് ചാട്ടം
കൃത്രിമ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള ചാരപ്രവർത്തനം തടയാൻ ഇന്ത്യയ്‌ക്ക് ഏറെ സഹായകമാണ് ആന്റി സാറ്റലൈറ്റ് മിസൈലുകൾ. അടിയന്തര ഘട്ടങ്ങളിൽ ശത്രുരാജ്യത്തിന്റെ വാർത്താ വിനിമയ ഉപഗ്രഹങ്ങളെ തകർത്ത് ആശയവിനിമയം തടസപ്പെടുത്താനും കഴിയും. എന്നാൽ ഇത് ലോകത്തെ പത്തൊമ്പതാം ലോകത്തിലേക്ക് തിരികെ എത്തിക്കുമെന്നാണ് സുരക്ഷാ രംഗത്തെ വിദഗ്‌ദ്ധർ പറയുന്നത്.