മമ്മൂട്ടി എന്ന മഹാനടന്റെ മികച്ച സിനിമകളിൽ ഒന്നാണ് മതിലുകൾ. അടൂർ ഗോപാലകൃഷ്‌ണന്റെ ഈ ചിത്രത്തിലൂടെ മികച്ച നടനും സംവിധായകനുമടക്കം നാല് ദേശീയ പുരസ്‌കാരങ്ങളാണ് മലയാളത്തെ തേടി എത്തിയത്. വൈക്കം മുഹമ്മദ് ബഷീറായി അവിസ്‌മരണീയ അഭിനയ മുഹൂർത്തങ്ങളാണ് മഹാനടൻ പ്രേക്ഷകന് മുന്നിൽ കാഴ്‌ച വച്ചത്. 1990 മേയ് 18ന് റിലീസ് ചെയ്‌ത ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തിലകൻ, മുരളി, ബാബു നമ്പൂതിരി, അസീസ്, എം.ആർ ഗോപകുമാർ, രവി വള്ളത്തോൾ തുടങ്ങിയ അഭിനയപ്രതിഭകളാണ് മാറ്റുരച്ചത്.
എന്നാൽ മറ്റ് അടൂർചിത്രങ്ങളെ പോലെ തന്നെ മതിലുകളുടെ ചിത്രീകരണ സമയത്തും ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിരുന്നതായി പറയുകയാണ് നടൻ ബാബു നമ്പൂതിരി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമയിലെ പിന്നാമ്പുറ കഥകളെ കുറിച്ച് അദ്ദേഹം മനസു തുറന്നത്.
'ഷൂട്ടിംഗ് സെറ്റിൽ മമ്മൂട്ടിയുള്ളതു കൊണ്ടുതന്നെ അടുത്ത സിനിമയുടെ കഥ പറയാനോ, അഡ്വാൻസ് നൽകാനോ സംവിധായകരോ, സ്ക്രിപ്‌ട് എഴുതുന്നോ ആളുകളോ വരാറുണ്ട്. അപ്പോയിങ്ങനെ ഒരു തിരക്ക് വന്നു തുടങ്ങിയ എന്നു കണ്ടപ്പോൾ തന്നെ അടൂർ സാർ മമ്മൂട്ടിയെ വിളിച്ചിട്ടു പറഞ്ഞു, 'മമ്മൂട്ടി ഇങ്ങനെയുള്ള ആളുകളെ ഈ സെറ്റിലേക്ക് വരുത്തരുത്. ഐ ഡോണ്ട് ലൈക്ക് ദാറ്റ്. അങ്ങനെ വേണമെങ്കിൽ, അവർക്ക് സംസാരിക്കണമെങ്കിൽ ഈ സെറ്റിലെത്തുന്നതിനു മുമ്പ് ഹോട്ടലിലിരിക്കുമ്പോഴോ, ഷൂട്ടിംഗ് കഴിഞ്ഞു പോയിട്ടോ ആവാമല്ലോ? എന്തിനീ സെറ്റിൽ വരണം. അതുവേണ്ട. എനിക്കത് ഇഷ്‌ടമല്ല.
മറ്റൊന്നും കൊണ്ടല്ല. നിങ്ങളിപ്പോൾ ഒരു ക്യാരക്‌ടർ ചെയ്യുകയാണ്. നിങ്ങളുടെ മേയ്‌ക്കപ്പും കഴിഞ്ഞും. നിങ്ങൾ ആ ആളാണ്. വൈക്കം മുഹമ്മദ് ബഷീറാണ് നിങ്ങൾ അല്ലാതെ മമ്മൂട്ടിയല്ല. അതിനിടയ്‌ക്ക് ഡിസ്‌ട്രാക്ഷൻസ് വന്നു കഴിഞ്ഞാൽ ഒരുപക്ഷേ നിങ്ങളറിയാതെ ഒരു മാറ്റം ആ കഥാപാത്രത്തിനുണ്ടായേക്കാം. മറ്റൊന്നും വിചാരിക്കണ്ട'- മമ്മൂട്ടിയോട് അടൂർ സാർ പറഞ്ഞു. മമ്മൂട്ടി അത് അന്നുതന്നെ അംഗീകരിക്കുകയും ചെയ്‌തു'.