jayaprada

മലയാളികൾക്ക് പ്രണയമുറങ്ങുന്ന കണ്ണുകളുള്ള നായികയാണ് ജയപ്രദ. മലയാളത്തിൽ ദേവദൂതനും പ്രണയവും ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ബോളിവുഡ് നായിക രാംപൂരിൽ സ്ഥാനാർത്ഥിയായി വീണ്ടുമെത്തുന്നത് ജയിക്കാൻ മാത്രമല്ല...

രാംപൂരിലേക്ക് ജയപ്രദ മടങ്ങിയെത്തുന്നത് ഒരിക്കൽക്കൂടി മത്സരിക്കാൻ മാത്രമല്ല. ചില കണക്കുകൾ പറഞ്ഞുതീർക്കാനുണ്ട്! സമാജ്‌വാദി പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലെത്തി,​ പഴയ മണ്ഡലത്തിൽ പോരാട്ടത്തിന് കച്ച മുറുക്കുമ്പോൾ ജയപ്രദയുടെ മനസ്സിൽ മുഹമ്മദ് അസംഖാന്റെ മുഖമാണ്. കാരണം,​ ജയയുടെ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനാണ് എസ്.പി നേതാവ് അസം ഖാൻ.

2004-ലെ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് ജയപ്രദ തെലുങ്കുദേശം പാർട്ടി വിട്ട് സമാജ്‌വാദിയിൽ എത്തിയത്. പാർട്ടി ജയപ്രദയെ രാംപൂരിൽ സ്ഥാനാർത്ഥിയാക്കി. 80,​000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയ ലോക്‌സഭയിലെത്തുകയും ചെയ്‌തു. എസ്.പിയിൽ ജനറൽ സെക്രട്ടറി അമർ സിംഗും അസംഖാനും ഇരുചേരികളിലായി യുദ്ധം തുടങ്ങിയ കാലം. അമർസിംഗ് ആയിരുന്നു സമാജ്‌വാദിയിൽ എന്നും ജയയുടെ ഗുരുവും രക്ഷകനും. സ്വാഭാവികമായും അസംഖാന്റെ കലി ജയപ്രദയെക്കൂടി ലക്ഷ്യമിട്ടു.

ആ കലി 2009-ൽ പുറത്തുവന്നത് ക്രൂരമായ പകവീട്ടിലിന്റെ രൂപത്തിലായിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണം മുറുകിവന്നപ്പോൾ മണ്ഡലത്തിലെമ്പാടും ജയപ്രദയുടെ നഗ്നചിത്രങ്ങൾ പ്രചരിക്കപ്പെട്ടു. സിനിയിലേതും അല്ലാത്തതുമായ ചിത്രങ്ങൾ. മോർഫ് ചെയ്‌ത് തയ്യാറാക്കിയ ചിത്രങ്ങൾക്കു പിന്നിൽ അസംഖാൻ അല്ലാതെ മറ്റാരുമല്ലെന്ന് ജയപ്രദയ്‌ക്ക് അറിയാമായിരുന്നു. പക്ഷേ,​ എന്തു തെളിവ്?​ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി കൊടുത്തു. അസം ഖാൻ തനിക്കു നേരെ ആസിഡ് ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി വിവരം ലഭിച്ചെന്ന് പാർട്ടിയെ അറിയിച്ചു. പൊലീസിൽ പരാതി നൽകി. ഒന്നും സംഭവിച്ചില്ല. കുപ്രചരണങ്ങളെയും ക്രൂര മാനസിക പീഡനങ്ങളെയും അതിജീവിച്ച ജയപ്രദ 30,​000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാംപൂർ നിലനിറുത്തി.

രാംപൂർ അസംബ്ളി മണ്ഡലത്തിൽ നിന്ന് ഒൻപതു തവണ യു.പി നിയമസഭയിലെത്തിയ കരുത്തനാണ് അസംഖാൻ.തന്റെ ശക്തികേന്ദ്രമായ രാംപൂരിൽ,​ ലോക്‌സഭയിലേക്ക് ജയപ്രദയുടെ തുടർച്ചയായ ജയം അസംഖാൻ സഹിക്കുന്നതെങ്ങനെ?​ പാർട്ടിക്കുള്ളിൽ ജയപ്രദയും അസംഖാനുമായുള്ള വൈരവും പോരും മുറുകുകയായിരുന്നു. ജയയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവമുൾപ്പെടെയുള്ള വിവാദങ്ങളെ തുടർന്ന് അസംഖാൻ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. എങ്കിലും,​ നടപടി റദ്ദാക്കി തൊട്ടടുത്ത വർഷം പാർട്ടി അദ്ദേഹത്തെ തിരിച്ചെടുത്തു.

2010-ൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അച്ചടക്ക നടപടി നേരിട്ടപ്പോൾ ജയപ്രദയും,​ ഗോഡ്ഫാദർ അമർസിംഗും ചേർന്ന് പുതിയ പാർട്ടിക്ക് രൂപം നൽകി: രാഷ്‌ട്രീയ ലോക് മഞ്ച്. 2012-ലെ യു.പി അസംബ്ളി തിരഞ്ഞെടുപ്പിൽ ജയയും അമർസിംഗും പുതിയ പാർട്ടിയുടെ ബാനറിൽ,​ ആകെയുള്ള 403 സീറ്റുകളിൽ 360-ലും സ്ഥാനാർത്ഥികളെ നിറുത്തിയെങ്കിലും,​ ഒറ്റ സീറ്റു പോലും പിടിക്കാനായില്ല. 2014-ൽ ജയയും അമർസിംഗും പാർട്ടി പിരിച്ചുവിട്ട് രാഷ്‌ട്രീയ ലോക്‌ദളിൽ ചേർന്നു. ആ വർഷം ജയപ്രദയ്‌ക്ക് ബിജ്‌നോറിൽ നിന്ന് മത്സരിക്കാൻ ടിക്കറ്റ് കിട്ടിയെങ്കിലും ജയം കണ്ടില്ല.

ഇപ്പോൾ വീണ്ടും തിരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്ന ജയയ്‌ക്ക് അന്നുതന്നെ പഴയ രാംപൂർ മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിട്ടിക്കറ്റ് കിട്ടുകയും ചെയ്തു. അവിടെ,​ എതിരാളിയായി പഴയ വില്ലൻ കഥാപാത്രമുണ്ട്- എസ്.പി നേതാവ് അസംഖാൻ. ജയപ്രദയുടെ മനസ്സിൽ എന്തായിരിക്കും?​