ന്യൂഡൽഹി: രാജ്യത്തെയാകെ മുൾമുനയിൽ നിറുത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം 2012ൽ ഇന്ത്യ സ്വന്തമാക്കിയ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണെന്ന് ദേശീയ മാദ്ധ്യമം. ആന്റി സാറ്റലൈറ്റ് മിസൈൽ വികസിപ്പിച്ചതായി പ്രതിരോധ മന്ത്രിയുടെ ഉപദേശകനും ഡി.ആർ.ഡി.ഒ തലവനുമായ വിജയ് സരസ്വതിനെ ഉദ്ദരിച്ച് 2012ൽ പ്രസിദ്ധീകരിച്ച വാർത്ത ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാ ടുഡെ ഇക്കാര്യം അവകാശപ്പെട്ടത്. അഗ്നി, ആഡ് 2 ബാലിസ്‌റ്റിക് മിസൈലുകളെ അടിസ്ഥാനമാക്കിയുള്ള ആന്റി സാറ്റലൈറ്റ് മിസൈലുകൾ 2014ൽ വിന്യസിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
അതേസമയം, ഈ മിസൈൽ ഉപയോഗിച്ച് സാറ്റലൈറ്റുകൾ തകർക്കില്ലെന്നും ഇങ്ങനെ ചെയ്യുന്നത് ഭ്രമണപഥത്തിലുള്ള മറ്റ് ഉപഗ്രഹങ്ങളെ ബാധിക്കുമെന്നുമാണ് വിജയ് സരസ്വത് പറയുന്നത്. ഉപഗ്രഹങ്ങൾ തകർക്കുന്നതിലൂടെ ഉണ്ടാകുന്ന അവശിഷ്‌ടങ്ങൾ മറ്റ് ഉപഗ്രങ്ങൾക്ക് ഭീഷണിയാണ്. ഇത് തടയാൻ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ പരീക്ഷണം നടത്തും മിക്ക സൈനിക ഉപഗ്രങ്ങളും ഭൂമിയിൽ നിന്നും 2000 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലാണ് ഭ്രമണം ചെയ്യുന്നത്. 2007ൽ ചൈനയും ആന്റി സാറ്റലൈറ്റ് മിസൈൽ പരീക്ഷിച്ചതോടെ ബഹിരാകാശ രംഗത്തെ ഭീഷണികൾ നേരിടാൻ 2010ൽ ഇന്ത്യ സ്പെയ്സ് സെക്യൂരിറ്റി കോഓർഡിനേഷൻ ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് ബഹിരാകാശ മേഖലയിലെ ഭീഷണികളും മറ്റും വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നതായാണ് റിപ്പോർട്ട്.
അതിനിടെ ആന്റി സാറ്റലൈറ്റ് മിസൈൽ വിജയകരമായി വികസിപ്പിച്ച് വിക്ഷേപിച്ച ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അർപ്പിക്കുന്നതായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നു. ലോക നാടക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസ അർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.