''താങ്ക്സ്... ഒരുപാട്....""
തമിഴനെ ഇന്നോവയിലേക്കു കയറ്റുന്നതിനിടയിൽ എസ്.ഐ വിജയ അയൽക്കാരായ ചെറുപ്പക്കാരെ നോക്കി ചിരിച്ചു.
''ഇവനെ ക്വസ്റ്റ്യൻ ചെയ്യണ്ടേ വിജയ സാറേ." ഒരാൾ തിരക്കി.
''വേണം. അതിനു വേണ്ടി എസ്.പി ഓഫീസിലേക്കു കൊണ്ടുപോകുകയാ."
അവൾ അറിയിച്ചു:
''ഇവിടെ വച്ച് ചോദ്യം ചെയ്താൽ ഇവന്റെ ആളുകൾ തന്നെ ഇരുളിൽ മറഞ്ഞുനിന്ന് ഇവന്റെ നേരെ നിറയൊഴിച്ചേക്കും. അത് പിന്നെ നമുക്ക് പൊല്ലാപ്പാകും."
അവൾ പറഞ്ഞത് അയൽക്കാർ വിശ്വസിച്ചു.
വിജയ, സിറ്റൗട്ടിൽ നിൽക്കുന്ന മാലിനിയെ നോക്കി:
''അമ്മ അകത്തു പൊയ്ക്കോളൂ. ഞാനല്ലാതെ ഇനി ആരു വന്ന് വിളിച്ചാലും വാതിൽ തുറക്കണ്ടാ."
വിജയ ഇന്നോവയുടെ നടുവിലെ സീറ്റിൽ കയറി. മുൻസീറ്റിൽ ജെയിംസും. ഇരുളിൽ, വെളിച്ചത്തിന്റെ ഒരു തുരങ്കം സൃഷ്ടിച്ചുകൊണ്ട് ഇന്നോവ പാഞ്ഞുപോയി.
എഴിയ്ക്കാട്.
ലക്ഷംവീട് കോളനിക്ക് അപ്പുറം പുഞ്ചയ്ക്ക് നടുവിലുള്ള പാലത്തിൽ വച്ചായിരുന്നു തമിഴനെ ചോദ്യം ചെയ്തത്.
ജെയിംസ് അയാളെ വണ്ടിയിൽ നിന്നു വലിച്ചിറക്കി പാലത്തിന്റെ കൈവരിയിൽ ചേർത്ത് ഒരിടിയിടിച്ചു.
''ആ....""
വാ പിളർന്നു പോയി തമിഴൻ. അയാളുടെ നെറ്റിയിലൂടെ ചോര ചീറ്റി.
''ചോദിക്കുന്നതിന് എത്രയും വേഗം ഉത്തരം തന്നില്ലെങ്കിൽ അടുത്ത ഇടിക്ക് നിന്റെ തലയോട് പിളരും. പിന്നെ പൊക്കി ദാ.. താഴത്തെ തോട്ടിലേക്കിടും.
ജെയിംസ് മുന്നറിയിപ്പു നൽകി.
തമിഴൻ താഴേക്കു നോക്കി.
ഇരുപത്തഞ്ചടിയോളം താഴെ വെള്ളത്തിന്റെ തിളക്കം കണ്ടു.
''ഞാൻ പറയാം..." "അയാൾ പിറുപിറുത്തു.
''എങ്കിൽ പറയെടാ. നീയൊക്കെ എസ്.ഐ വിജയയെ പിടിച്ചുകൊണ്ടുപോകുവാൻ വന്നല്ലോ... അത് ആരുടെ ക്വട്ടേഷനായിരുന്നു?"
'രാഹുൽ സാറിന്റെ..." അയാൾ അറിയിച്ചു.
ജെയിംസും വിജയയും ഉൾപ്പെടെ എല്ലാവരും നടുങ്ങിനിന്നു.
തമിഴൻ ഉണ്ടായതത്രയും പറഞ്ഞു.
മിന്നൽ വേഗത്തിൽ വിജയ അയാളുടെ കവിളടക്കം ഒന്നു പൊട്ടിച്ചു.
''പറ. അവനിപ്പോൾ എവിടെയുണ്ട്? രാഹുൽ..."
''സ്ഥലത്തിന്റെ പേര് എനിക്കറിയത്തില്ല. കാണിച്ചുതരാം."
തമിഴന്റെ ശബ്ദം കരച്ചിൽ പോലെയായി. തന്റെ മുഖം കോടിയതുപോലെ അയാൾക്കു തോന്നി.
''എന്താ നിന്റെ പേര് ?"
വിജയ അവനെ സൂക്ഷിച്ചു നോക്കി.
''ഷൺമുഖൻ..."
''ഓഹോ. ദൈവത്തിന്റെ പേരാണല്ലോടാ..."
പറഞ്ഞുകൊണ്ട് വിജയ അയാളെ വീണ്ടും ഇന്നോവയിലേക്കു വലിച്ചുകയറ്റി.
പൊലീസ് സംഘവും കയറി.
അവിടെത്തന്നെയിട്ട് വളരെ ബുദ്ധിമുട്ടി സുമം വണ്ടി തിരിച്ചു.
നീർവിളാകത്താണ് യാത്ര അവസാനിച്ചത്.
'' ഇവിടെ നിർത്തണം." ഷൺമുഖൻ പറഞ്ഞു.
അവിടെ അക്കേഷ്യമരത്തിന്റെ ശിഖരങ്ങൾക്കു താഴെ സുമോ കിടപ്പുണ്ടായിരുന്നു.
അതിനരുകിൽ സുമം ഇന്നോവ നിർത്തി. എല്ലാവരും ഇറങ്ങി.
ഷൺമുഖനെയും ഇറക്കി.
''ഇനി ഈ വഴി നടന്നു പോകണം." അയാൾ വരമ്പിലേക്കു കൈ ചൂണ്ടി.
വിജയയുടെയും ജെയിംസിന്റെയും മറ്റും കണ്ണുകൾ അകലേക്കു നീണ്ടു.
അവിടെ തുരുത്ത് മങ്ങിയ നാട്ടുവെളിച്ചത്തിൽ കണ്ടു. ഒപ്പം ഇരുൾക്കട്ടപോലെ ഒരു കെട്ടിടവും...
''അവർ അവിടെ ഉണ്ടെന്നുള്ളത് ഉറപ്പാണല്ലോ."
ജയിംസ് ഒരിക്കൽക്കൂടി ഷൺമുഖത്തോട് ഉറപ്പു വരുത്തി.
''ഉണ്ട് സാർ..."
''ഇവനെ എന്തുചെയ്യണം?"
വിജയെ അല്പം അകലേക്കു വിളിച്ചു മാറ്റിയിട്ട് ജെയിംസ് ശബ്ദം താഴ്ത്തി.
''നമ്മുടെ കൂടെ കൊണ്ടുപോകുന്നത് ബുദ്ധിയല്ല..."
അവർ ഷൺമുഖന്റെ അടുക്കൽ മടങ്ങിയെത്തി. പിന്നെ വിജയ പിസ്റ്റളിന്റെ പത്തികൊണ്ട് അയാളുടെ പിൻകഴുത്തിൽ ഒറ്റയിടി.
ഷൺമുഖൻ അവിടെത്തന്നെ വീണു. ജെയിംസ് അയാളെ വെള്ളം നിറഞ്ഞുകിടക്കുന്ന പുഞ്ചയിലേക്കു വലിച്ചിട്ടു.
നമ്മളെക്കുറിച്ച് ഒരു സൂചനയും അവൻ ആർക്കും കൊടുക്കാൻ പാടില്ല. മാത്രമല്ല അവനെപ്പോലെ ഉള്ളവർ ജീവിക്കാനും അർഹതയില്ല..."
ഷൺമുഖൻ വീണ ഭാഗത്ത് ഒരു സ്രാവു പുളയുന്നതുപോലെയുള്ള ഇളക്കമുണ്ടായി. പിന്നെ ഒരു കൈപ്പത്തി വെള്ളത്തിനു മുകളിലേക്കുയർന്നു...
നിമിഷത്തിനുള്ളിൽ അതും താണു പോയി. വെള്ളത്തിലെ പുളച്ചിൽ നിന്നു.
[തുടരും]