facebook-

തൃശൂർ: അച്ഛനെ നാട്ടിൽ കോൺഗ്രസ് പാർട്ടി അദരിച്ച ദിവസം മകളാണെന്ന് പറയരുതെന്ന് ദീപാ നിശാന്ത് പറഞ്ഞിരുന്നുവെന്ന വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരെയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ദീപാ നിശാന്ത് രംഗത്ത്. ഞാൻ ജനിച്ചു വളർന്ന ഒരു നാട്ടിൽ എന്റെ അച്ഛനെ ആദരിക്കുന്ന ദിവസം മകളെന്ന് പറയരുതെന്ന് ഇയാളോട് പറയേണ്ട ആവശ്യം എനിക്കെന്താണെന്ന് ദീപാ നിശാന്ത് ചോദിക്കുന്നു. അനിൽ അക്കരെയുടെ മെസഞ്ചർ ചാറ്ര് സന്ദേശം പുറത്തുവിട്ടാണ് ദീപാ നിശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.

ഇയാളാണ് ഞങ്ങളുടെ എം.എൽ.എ എന്നു പറയാൻ സത്യത്തിൽ ലജ്ജയുണ്ട്. അത്രത്തോളം തരം താണ ഒരു വിമർശനമാണ് ഇയാൾ എനിക്കെതിരെയിപ്പോൾ ഉയർത്തുന്നത്. ഞാനെഴുതിയിട്ടുള്ള അഞ്ച് പുസ്തകങ്ങളിലും എന്റെ അച്ഛനെക്കുറിച്ച് അഭിമാനപൂർവം എഴുതിയിട്ടുള്ള, അദ്ദേഹത്തിന്റെ മകൾ എന്ന നിലയിൽ ഇന്നും പൊലീസ് സമ്മേളനങ്ങളിൽ പോയി സംസാരിക്കുന്ന, 'എന്റച്ഛൻ കൊണ്ട വെയിലാണ് ഞാനനുഭവിക്കുന്ന തണൽ' എന്ന് അഭിമാനിക്കുന്ന ഞാൻ ഇയാളോട് ഇത്തരത്തിൽ പറഞ്ഞു എന്ന് ഒരുളുപ്പുമില്ലാതെ മാദ്ധ്യമങ്ങൾക്കു മുന്നിൽ വിളിച്ചു പറയുന്നത് വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷിക്കേണ്ട വിഷയമാണെന്ന് ഞാൻ കരുതുന്നു- ദീപാ നിശാന്ത് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇയാളാണ് ഞങ്ങളുടെ എം എൽ എ എന്നു പറയാൻ സത്യത്തിൽ ലജ്ജയുണ്ട്. അത്രത്തോളം തരം താണ ഒരു വിമർശനമാണ് ഇയാൾ എനിക്കെതിരെയിപ്പോൾ ഉയർത്തുന്നത്. ഞാൻ ജനിച്ചു വളർന്ന ഒരു നാട്ടിൽ എന്റെ അച്ഛനെ ആദരിക്കുന്ന ദിവസം മകളെന്ന് പറയരുതെന്ന് ഇയാളോട് പറയേണ്ട ആവശ്യം എനിക്കെന്താണ്? ഞാനെഴുതിയിട്ടുള്ള അഞ്ച് പുസ്തകങ്ങളിലും എന്റെ അച്ഛനെക്കുറിച്ച് അഭിമാനപൂർവം എഴുതിയിട്ടുള്ള, അദ്ദേഹത്തിന്റെ മകൾ എന്ന നിലയിൽ ഇന്നും പോലീസ് സമ്മേളനങ്ങളിൽ പോയി സംസാരിക്കുന്ന, "എന്റച്ഛൻ കൊണ്ട വെയിലാണ് ഞാനനുഭവിക്കുന്ന തണൽ" എന്ന് അഭിമാനിക്കുന്ന ഞാൻ ഇയാളോട് ഇത്തരത്തിൽ പറഞ്ഞു എന്ന് ഒരുളുപ്പുമില്ലാതെ മാധ്യമങ്ങൾക്കു മുന്നിൽ വിളിച്ചു പറയുന്നത് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷിക്കേണ്ട വിഷയമാണെന്ന് ഞാൻ കരുതുന്നു. എന്റെ അച്ഛൻ ഒരു തരത്തിലും കോൺഗ്രസ്സിന്റെയോ മറ്റേതെങ്കിലും പാർട്ടിയുടേയോ പ്രവർത്തനങ്ങളിൽ ഭാഗമായിട്ടില്ല. നാട്ടിലെ സജീവ കോൺഗ്രസ് പ്രവർത്തകൻ എന്ന വിശേഷണമൊക്കെ ഒന്നന്വേഷിച്ചാൽ ബോധ്യപ്പെടുന്ന കാര്യമാണ്.എന്റെ അച്ഛൻ നിങ്ങൾക്ക് വോട്ടു ചെയ്തിട്ടുണ്ടോ എന്നെനിക്കറിയില്ല. അത് ചോദിക്കേണ്ട ആവശ്യം എനിക്കില്ല. അത്രത്തോളം ജനാധിപത്യബോധം ഞങ്ങൾക്കുണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.

നിങ്ങൾ ഒരിക്കൽ ഞാൻ കൊടുത്ത ഒരു പരാതിയുടെ കാര്യമന്വേഷിക്കാൻ എന്നെ വിളിച്ചപ്പോൾ ഞാൻ പോലീസ് സമ്മേളനത്തിൽ എന്റെ അച്ഛനെപ്പറ്റി പറയുകയായിരുന്നു. നിങ്ങൾക്ക് ഞാനാ വേദിയിലിരുന്ന് ഒരു മെസേജയച്ചപ്പോൾ നിങ്ങളുടെ മറുപടി എന്തായിരുന്നു. ലജ്ജയുണ്ട്. എങ്കിലും ഇയാളെ തുറന്നുകാട്ടാൻ വേറെ വഴിയില്ലാത്തതു കൊണ്ട് ഞാനാ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടിടുകയാണ്. ഇങ്ങനെ പറയുന്ന നിങ്ങളാണോ പോലീസിനെപ്പറ്റി വികാരനിർഭരമായി ചാനൽ ക്യാമറകൾക്കു മുന്നിൽ സംസാരിക്കുന്നത് ?എന്തൊരു ദുരന്തമാടോ മനുഷ്യാ താൻ?

ഇനി വ്യാജ ആരോപണങ്ങളുമായി ഈ വഴി വന്നാൽ എം എൽ എ കോടതി കയറേണ്ടി വരും എന്നോർമ്മിപ്പിക്കുന്നു.