തിരുവനന്തപുരം:കൃത്രിമ ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്നും തകർക്കാൻ കഴിയുന്ന മിസൈൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പറഞ്ഞതിന് പിന്നാലെ ഇതേപ്പറ്റിയുള്ള വാദപ്രതിവാദങ്ങളും അരങ്ങുതകർക്കുന്നുണ്ട്. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതി 2012ൽ തന്നെ പൂർത്തീകരിച്ചതാണെന്നും ഇക്കാര്യം വലിയ നേട്ടമായി അവതരിപ്പിച്ച മോദിയുടെ പ്രവർത്തനങ്ങൾ അൽപ്പത്തരമാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിനിടയിൽ മോദിയെ ട്രോളി വൈദ്യുത മന്ത്രി എം.എം.മണി രംഗത്തെത്തി. മേരേ പ്യാരേ ദേശ്‌വാസിയോം വിചാരിച്ചപോലെ അങ്ങ് കലങ്ങിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ പോസ്‌റ്റ്. യോദ്ധ സിനിമയിൽ ജഗതി ശ്രീകുമാറിന്റെ കഥാപാത്രം കലങ്ങിയില്ല എന്ന് പറയുന്ന ചിത്രവും മന്ത്രി ചേർത്തിട്ടുണ്ട്.
അതേസമയം, മന്ത്രിയുടെ പോസ്‌റ്രിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. മിസൈൽ വിട്ടാൽ പട്ടിണി മാറുവോ എന്ന ഡയലോഗ് വന്നോ ശകുന്തളേ,
ഇമ്മ്രാനിക്ക ഉണ്ടാരുന്നെങ്കിൽ ഉരുട്ടി തന്നേനേ എന്നാണ് ഒരാളുടെ കമന്റ്. എന്നാൽ ഈ കൊടും ചൂടത്തും ലോഡ് ഷെഡ്ഡിങ്ങും പവർകെട്ടുമൊന്നുമില്ലാതെ നമ്മൾ അതിജീവിച്ചില്ലേ ആശാനെ അത് പോലെ ഈ തള്ളും അതിജീവിക്കും നമ്മളെന്ന് മറ്റൊരാൾ കമന്റ് ചെയ്യുന്നു. എന്തായാലും ഇതേപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്.
പ്രതിമകൾക്ക് പകരം ഐ.എസ്.ആർ.ഒ ഉണ്ടാക്കിയ ജവഹർ ലാൽ നെഹ്‌റുലവിന് നന്ദി പറയുന്നതായി വി.ടി.ബൽറാം എം.എൽ.എ പോസ്റ്റ് ചെയ്‌തു.