ന്യൂഡൽഹി: ഇന്ത്യ നടത്തിയ ബലാകോട്ട് ആക്രമണത്തിന് പകരം വീട്ടാൻ വൻ ആയുധ സന്നാഹവുമായി പാക് വ്യോമസേന തയ്യാറെടുത്തിരുന്നതായി റിപ്പോർട്ട്. അമേരിക്കൻ എഫ്16 വിമാനങ്ങളും മിറാഷ് 3 വിമാനങ്ങളുമടക്കം പാകിസ്ഥാൻ ആക്രമണത്തിനെത്തിയെങ്കിലും ഇന്ത്യൻ വ്യോമസേനയുടെ പ്രത്യാക്രമണത്തിൽ ലക്ഷ്യം തെറ്റി പദ്ധതി പാളുകയായിരുന്നു.
എഫ് 16 വിമാനങ്ങളും മിറാഷ്3 വിമാനങ്ങളും ജെ.എഫ്17 വിമാനങ്ങളും ഉൾപ്പെടെ ഇരുപതിലേറെ യുദ്ധവിമാനങ്ങളും, ആയിരത്തിലധികം കിലോയോളം വരുന്ന എച്ച് 4 ബോംബുകളും ഒരുക്കിയാണ് പാകിസ്ഥാൻ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി എത്തിയത്. ഇന്ത്യൻ വിമാനങ്ങൾ തിരിച്ചടിച്ചതോടെ പാക് വിമാനങ്ങളുടെ ലക്ഷ്യസ്ഥാനം തെറ്റിപ്പോയി. വലിയ മരങ്ങൾ ചുറ്റുമുണ്ടായിരുന്നതിനാൽ ബോംബുകളുടെ ഗതി മാറിപോവുകയായിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പാക് വിമാനങ്ങളെ തുരുത്തുന്ന ദൗത്യത്തിനിടെയാണ് പാകിസ്‌ഥാന്റെ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമൻ എഫ് 16 വിമാനം തകർത്തതെന്നും എ.എൻ.ഐ. റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.